കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കേണ്ട; വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി

0
159

കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരിടത്തും നിങ്ങളുടെ നമ്പരുകള്‍ നല്‍കേണ്ടതില്ല. ന്യായമായ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ ഒരിക്കലും കൈമാറേണ്ടെന്ന് അദേഹം വ്യക്തമാക്കി.

ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ കടയില്‍നിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോള്‍ കടക്കാരന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടതു സംബന്ധിച്ച് ആക്ടിവിസ്റ്റായ ദിനേശ് എസ് ഠാക്കൂറിന്റെ ട്വീറ്റിന് മറുപടിയായാണ് രാജീവ് ചന്ദ്രശേഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ച്യൂയിങ് ഗം വാങ്ങുന്നതിന് എന്തിനാണ് മൊബൈല്‍ നമ്പര്‍ എന്ന് ചോദിച്ചപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ നമ്പര്‍ വേണമെന്നായിരുന്നു കടയുടെ മാനേജര്‍ പറഞ്ഞതെന്നതായിരുന്നു ദിനേശ് ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് ച്യൂയിങ്ഗം വാങ്ങാതെ കടയില്‍നിന്നിറങ്ങിയെന്നായിരുന്നു ട്വീറ്റ്. ബില്ലിങ് സമയത്തു വ്യാപാരസ്ഥാപനങ്ങള്‍ അനാവശ്യമായി മൊബൈല്‍ നമ്പര്‍ വാങ്ങുന്നതിനെക്കുറിച്ചു പരാതികള്‍ ഉയരുന്നതിനിടെയാണു മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

ഡിജിറ്റല്‍ വ്യക്തിവിവര സുരക്ഷാ ബില്‍ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മാളുകളിലൂടെ കൈമാറുന്ന ഫോണ്‍ നമ്പരുകള്‍ ദുരുപയോഗം ചെയ്ത നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എല്ലായിടത്തും മൊബൈല്‍ നമ്പരുകള്‍ നല്‍കണമോയെന്ന് നിരവധി ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here