മഹീന്ദ്ര തങ്ങളുടെ പുതിയ ഇ.വി കൺസപ്റ്റ് ബി.ഇ റാൽ ഇ അവതരിപ്പിച്ചു. ഹൈദരാബാദിൽ നടക്കുന്ന മഹീന്ദ്ര ഇ.വി ഫാഷൻ വീക്കിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, മഹീന്ദ്ര തങ്ങളുടെ ബോൺ ഇലക്‌ട്രിക് എസ്‌യുവി റേഞ്ച് കൺസെപ്റ്റ് രൂപത്തിൽ യുകെയിൽ അവതരിപ്പിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ റേസിന്റെ ഭാഗമായാണ് നിർമ്മാതാക്കൾ ഇവ ഇപ്പോൾ ഇന്ത്യയിൽ പ്രദർശിപ്പിച്ചത്.
മഹീന്ദ്രയുടെ വരാനിരിക്കുന്ന ബോൺ-ഇലക്‌ട്രിക് എസ്‌യുവികളെ എക്സ്.യു.വി.ഇ, ബി.ഇ എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബ്രാൻഡ് നെയിമുകൾക്ക് കീഴിൽ തരംതിരിച്ചിട്ടുണ്ട്. എന്നാൽ ഈ വാഹനങ്ങളെല്ലാം ഒരേ ഇൻഗ്ലോ പ്ലാറ്റ്‌ഫോം ആണ് പങ്കിടുന്നത്. മഹീന്ദ്ര എക്സ്.യു.വി.ഇ ശ്രേണിയിൽ എക്സ്.യു.വി.ഇ 8, എക്സ്.യു.വി.ഇ9 എന്നിവ ഉൾപ്പെടുന്നു.എക്സ്.യു.വി.ഇ 8 പ്രധാനമായും എക്സ്.യു.വി 700 -ന്റെ ഇലക്ട്രിക് പതിപ്പാണ്.
മഹീന്ദ്ര ബി.ഇ ശ്രേണിയിൽ ബി.ഇ.05, ബി.ഇ.07, ബി.ഇ.09 എന്നിവ ഉൾപ്പെടുന്നു. ബി.ഇ ശ്രേണിയിലെ എസ്‌യുവികളെ അവയുടെ റാഡിക്കൽ രൂപകൽപ്പനയാലും ശൈലിയാലും വേർതിരിച്ചറിയാൻ കഴിയും. ഇവയ്ക്ക് സി-ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും ഷാർപ്പ് ബോഡി പാനലിംഗും പോലുള്ള ചില കോമൺ സവിശേഷതകളും ഉണ്ട്. എയറോഡൈനാമിക്‌സ് മെച്ചപ്പെടുത്തുന്നതിന് നിർമ്മാതാക്കൾ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്.
ബി.ഇ.05 ന്റെ റാലി വകഭേദമാണ് ഇപ്പോൾ പുറത്തിറക്കിയ ബി.ഇ റാൽ ഇ. 4370 എം.എം നീളവും 1900 എം.എം വീതിയും 1635 എം.എം ഉയരവും 2775 എം.എം വീൽബേസും ഉണ്ട്. ഓൾ ഇലക്ട്രിക് ഓഫ്-റോഡ് റാലി കൺസെപ്റ്റാണ് ബി.ഇ റാൽ ഇ. സി ആകൃതിയിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ ഒരു സുഗമമായ സ്ട്രിപ്പിന് വഴിയൊരുക്കുന്നു. ഹെഡ്‌ലൈറ്റുകൾ വൃത്താകൃതിയിലുള്ളതാണ്. മഹീന്ദ്ര വാഹനത്തിന് കൂടുതൽ പരുക്കൻ ടയറുകൾ നൽകുന്നു. പിൻഭാഗത്ത്, ബി.ഇ.05-ന്റെ സി- ആകൃതിയിലുള്ള ടെയിൽ-ലൈറ്റുകൾ ഒരൊറ്റ സ്ട്രിപ്പിന് വഴിയൊരുക്കുന്നു.
റൂഫിൽ ഘടിപ്പിച്ച കാരിയർ, അതിന് മുകളിൽ ഒരു സ്പെയർ വീൽ, രണ്ട് ജെറി ക്യാനുകൾ എന്നിവ പോലുള്ള ഒരു കൂട്ടം ആക്സസറികളാണ് അതിന്റെ ഓഫ്-റോഡ് ലുക്ക് പൂർത്തിയാക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയർ വിശേഷങ്ങൾ ലഭ്യമല്ല.