നാഗ്പൂര്‍: നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്കോര്‍ ഓസ്ട്രേലിട 177, 91, ഇന്ത്യ 400.
അശ്വിന് മുന്നില്‍ കറങ്ങി വീണു
കൂറ്റന്‍ ലീഡ് വഴങ്ങിയതിന്‍റെ സമ്മര്‍ദ്ദത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഓസ്ട്രേലിയക്ക് രണ്ടാം ഓവറിലെ തിരിച്ചടിയേറ്റു. ഉസ്മാന്‍ ഖവാജയെ(5) സ്ലിപ്പില്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ച് അശ്വിന്‍ വിക്കറ്റ് വേട്ട തുടങ്ങി. തൊട്ടു പിന്നാലെ അശ്വിന്‍റെ പന്തില്‍ ഡേവിഡ് വാര്‍ണര്‍ നല്‍കിയ അനായാസ ക്യാച്ച് കോലി കൈവിടുകയും ചെയ്തു. മാര്‍നസ് ലാബുഷെയ്നും വാര്‍ണറും ചേര്‍ന്ന് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലാബുഷെയ്നിനെ(17) വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ആ കൂട്ടുകെട്ട് പൊളിച്ചു. അശ്വിനെതിരെ രണ്ട് ബൗണ്ടറിയടിച്ച് ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച വാര്‍ണറെ അടുത്ത പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ഓസീസിന് മൂന്നാം പ്രഹരമേല്‍പ്പിച്ചു.
Ashwin is a master in Test cricket. pic.twitter.com/PyE7CEFZOM
— Johns. (@CricCrazyJohns) February 11, 2023
പിന്നാലെ മാറ്റ് റെന്‍ഷോ(2), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ്(6), അലക്സ് ക്യാരി(10) എന്നിവരെകൂടി അശ്വിന്‍ അഞ്ച് വിക്കറ്റ് തികക്കുമ്പോള്‍ ഓസീസ് സ്കോര്‍ബോര്‍ഡില്‍ 52 റണ്‍സെ ഉണ്ടായിരുന്നുള്ളു. പാറ്റ് കമിന്‍സിന് ജഡേജയുടെ സ്പിന്നിനെ അതിജീവിക്കാനായില്ല. ഒരു റണ്ണെടുത്ത കമിന്‍സിനെ ജഡേജയുടെ പന്തില്‍ കെ എസ് ഭരത് പിടികൂടിയതോടെ ഓസീസ് 67-7ലേക്ക് കൂപ്പുകുത്തി.
Sir Jadeja, What a cricketer. pic.twitter.com/O6hdQrOgnR
— Johns. (@CricCrazyJohns) February 11, 2023
വാലരിഞ്ഞ് ജഡേജയും ഷമിയും
പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് നിര്‍ത്തി ജഡേജയും അക്സറും ഷമിയും ചേര്‍ന്ന് ഓസീസിന്‍റെ വാലരിഞ്ഞു. ടോഡ് മര്‍ഫിയെ(2) അക്സര്‍ മടക്കിയപ്പോള്‍ ലിയോണിനെയും(8) ബൊളാണ്ടിനെയും(0) വീഴ്ത്തി ഓസീസ് ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചു. 25 റണ്‍സെടുത്ത സ്റ്റീവ് സ്മിത്ത് പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്സിലെ പോലെ ജഡേജ സ്മിത്തിനെ ബൗള്‍ഡാക്കിയെങ്കിലും നോ ബോളായതാണ് സ്മിത്തിനെ തുണച്ചത്.
C Kohli B Ashwin combo is back. pic.twitter.com/yixy3i9sQe
— Johns. (@CricCrazyJohns) February 11, 2023
നേരത്തെ വാലറ്റക്കാരെ കൂട്ടുപിടിച്ച് അക്സര്‍ പട്ടേല്‍ നടത്തിയ പോരാട്ടത്തിന്‍റെ കരുത്തിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ കുറിച്ചത്. 321-7 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങി ഇന്ത്യ ലഞ്ചിന് തൊട്ടു മുമ്പ് 400 റണ്‍സിന് ഓള്‍ ഔട്ടായി. 84 റണ്‍സെടുത്ത അക്സര്‍ പട്ടേലും 37 റണ്‍സടിച്ച മുഹമ്മദ് ഷമിയുമാണ് വാലറ്റത്ത് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ ലീഡ് 200 കടത്തിയത്. 223 റണ്‍സിന്‍റെ കൂറ്റന്‍ ലീഡാണ് ഇന്ത്യക്കിപ്പോഴുള്ളത്. ഒമ്പതാം വിക്കറ്റില്‍ അക്സര്‍-ഷമി സഖ്യം അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്.