മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം ‘സ്‍ഫടികം’ കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍ ‘സ്‍ഫടികം’ കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം ‘സ്‍ഫടികം’ കളക്ഷനിലും പ്രതീക്ഷയ്‍ക്കൊത്ത നേട്ടം സ്വന്തമാക്കി.
റീ റീലീസായിട്ടും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ‘സ്‍ഫടികം’ നേടിയത് 77 ലക്ഷമാണ് എന്ന് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നു. സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ദൃശ്യമികവോടെയായിരുന്നു ‘സ്‍ഫടികം’ വീണ്ടും തിയറ്ററുകളിലെത്തിയത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുതിയ കാലത്തിനൊത്ത് അവതരിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയും ചെയ്‍തിരുന്നു.
#Spadikam Re Release Day 1 Kerala Boxoffice Collection Update:
Gross : 77 Lakhs
Good Opening !!
— Friday Matinee (@VRFridayMatinee) February 10, 2023
‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും കെപിഎസി ലളിതയുമായിരുന്നു മോഹൻലാലിന്റെ അച്ഛനും അമ്മയുമായി അഭിനയിച്ചത്. തിലകന്റെ ‘ചാക്കോ മാഷ്’ എന്ന കഥാപാത്രത്തിന് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. ‘ഭൂമിയുടെ സ്‍പന്ദനം മാത്തമാറ്റിക്സിലാണ്’ എന്ന ചിത്രത്തിലെ ഡയലോഗും ഹിറ്റായിരുന്നു.
മോഹൻലാലുമായി താൻ വീണ്ടും ഒന്നിക്കുന്നുവെന്ന് ഭദ്രൻ പറഞ്ഞതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് വരുന്നതെന്നും ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകുമെന്നുമാണ് ഭദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞാനും ലാലുമായും ഒരു വലിയ സിനിമ വരുന്നുണ്ട്. സ്ക്രിപ്റ്റ് എല്ലാം പൂർത്തിയായി. ഇനി ചിത്രീകരണത്തിലേക്ക് കടക്കുകയെ വേണ്ടൂ. ഒത്തിരി അറേഞ്ച്മെൻസ് ആവശ്യമുള്ള സിനിമയാണത്. കഥയും സ്ക്രിപ്റ്റും ഞാൻ തന്നെയാണ്. ഇതുവരെ കാണാത്ത ഒരു മോഹൻലാലിനെ സിനിമയിൽ കാണാനാകും. എല്ലാ പ്രേക്ഷകനും ഇഷ്‍ടമാകുന്ന എല്ലാ ഘടകങ്ങളും അതിൽ ഉണ്ടായിരിക്കും. കഥയോട് ഒട്ടിച്ചേർന്ന് പോകുന്ന ഒത്തിരി നല്ല മുഹൂർത്തങ്ങളുള്ള സിനിമ ആയിരിക്കും അത് എന്നാണ് ഭദ്രൻ പറഞ്ഞത്.