ബംഗളൂരു: അടിവസ്ത്രത്തിൽ അഞ്ച് കിലോഗ്രാം വരെ ഭാരം വരുന്ന കല്ലുകളുമായി അഭിമുഖപരീക്ഷയ്ക്കു പോകുന്ന ഉദ്യോഗാർത്ഥികളുടെ വീഡിയോ വൈറലാകുന്നു. ജോലി ലഭിക്കാൻ ഒരു വ്യക്തിക്ക് വേണ്ട കുറഞ്ഞ ഭാരം 55 കിലോഗ്രാം ആണ് എന്നതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്നത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കേർപ്പറേഷനിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികളുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ചിലർ അടിവസ്ത്രത്തിനുള്ളിൽ കല്ലുകൾ വച്ച് ഭാരം കൂട്ടാൻ ശ്രമിക്കുമ്പോൾ മറ്റ് ചിലർ തുടകളിൽ ഭാരമുള്ള വസ്തുക്കൾ കെട്ടിവച്ചാണ് അഭിമുഖപരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്. 5 മുതൽ പത്തു കിലോഗ്രാം വരെ ഭാരമാണ് ഇങ്ങനെ കള്ളത്തരത്തിലൂടെ വർധിപ്പിച്ചു കാണിക്കുന്നത്. കള്ളത്തരം കാണിച്ച എട്ട് പേരെയെങ്കിലും അധികൃതർ കയ്യോടെ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡ്രൈവർ, കണ്ടക്ടർ പോസ്റ്റുകളിലേക്കാണ് നിയമനം. 38,000 പേരാണ് ജോലിയ്ക്കായി അപേക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.