ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണം കടലില്‍ കളഞ്ഞത്. കോസ്റ്റ് ഗാര്‍ഡിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം രണ്ടുദിവസമായി കടലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു.
ശ്രീലങ്കയില്‍നിന്നു ബോട്ട് മാര്‍ഗം ഇന്ത്യയിലേക്കു കടത്തിയ സ്വര്‍ണമാണ് കടലില്‍ എറിഞ്ഞത്. ബോട്ടില്‍നിന്ന് തമിഴ്‌നാട് മണ്ഡപം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.
ഇന്ത്യന്‍ തീരത്തേക്ക് സ്വര്‍ണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും നടത്തിയ തെരച്ചിലിനിടെ സ്വര്‍ണക്കടത്തുകാരുടെ ബോട്ട് കണ്ടെത്തി. ഇവരെ കണ്ടതോടെ ബോട്ടുകാര്‍ ദിശ മാറ്റി രക്ഷപ്പെടാന്‍ നോക്കി. ഉദ്യോഗസ്ഥര്‍ വരെ പിന്തുടര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്ന സ്വര്‍ണമടങ്ങിയ പെട്ടികള്‍ സംഘം കടലിലേക്ക് തള്ളുകയായിരുന്നു.