മംഗളൂരു(www.mediavisionnews.in): ലോകത്തിലെ 10 മികച്ച വിമാനത്താവളങ്ങളിൽ ഒന്നാവുന്ന തരത്തിൽ മംഗളൂരു വിമാനത്താവളം വികസിപ്പിക്കുന്നു. 132.24 കോടി രൂപ ചെലവിട്ടാണ് മംഗളൂരു വിമാനത്താവളം നവീകരിക്കുന്നത്. നിലവിലുള്ള 28,000 ചതുരശ്രയടി ടെർമിനൽ കെട്ടിടത്തിന് പുറമെ 10,000 ചതുരശ്രയടിവരുന്ന മറ്റൊരു ടെർമിനൽ കൂടി നിർമിക്കും.യാത്രക്കാർക്കായി രണ്ട് ബോർഡിങ് ബ്രിഡ്ജുകൂടി നിർമിക്കും. മൂന്നുവീതം ലഗേജ് ബെൽറ്റുകൾ കൂടി അന്താരാഷ്ട്ര യാത്രക്കാർക്കും പ്രാദേശിക യാത്രക്കാർക്കുമായി ഒരുക്കും.
എല്ലാ നവീകരണ പ്രവർത്തനങ്ങളും 2020-നുള്ളിൽ നടത്തുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെന്നൈ ഡിവിഷൻ റീജണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ശ്രീകുമാർ പറഞ്ഞു. റൺവേയിൽ നവീന സുരക്ഷാക്രമീകരണങ്ങൾ ഒരുക്കും. സമാന്തര ടാക്സി ട്രാക്കും 121 കോടി രൂപ ചെലവിൽ യാഥാർഥ്യമാക്കും. റൺവേയിൽ വിമാനങ്ങൾ നിർത്തിയിടാനുള്ള സൗകര്യങ്ങൾ വിപുലീകരിക്കും. ഒരുമണിക്കൂറിനുള്ളിൽ 20 വിമാനങ്ങൾക്ക് വന്നുപോകാനുള്ള സൗകര്യങ്ങൾ ഒരുക്കും. ടെർമിനലുകൾ നിലവാരമുള്ളരീതിയിൽ നവീകരിക്കും. ചുമരുകളും തൂണുകളും സാംസ്കാരിക ഔന്നത്യം വിളിച്ചോതുന്ന ചിത്രങ്ങളാൽ അലങ്കരിക്കും. റഡാർ സംവിധാനം നവീകരിക്കും. അത്യാധുനിക സുരക്ഷാക്രമീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കുമെന്നും ശ്രീകുമാർ പറഞ്ഞു.
വിമാനത്താവളം ഉൾപ്പെടുന്ന മറവൂർ ഗ്രാമത്തിൽ 6.75 കോടി രൂപ ചെലവിൽ അഴുക്കുചാൽ നിർമിക്കും. 2019 ഏപ്രിലിൽ ഇത് യാഥാർഥ്യമാകും. 14 ലക്ഷം രൂപ ചെലവിൽ അങ്കണവാടി നിർമിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. മംഗളൂരു വിമാനദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി പൂന്തോട്ടം നിർമിക്കുന്ന ജോലിയും നടന്നുവരുന്നുണ്ട്. ഗ്രാമത്തിലേക്ക് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയും എയർപോർട്ട് അതോറിറ്റിയുടെ പരിഗണലയിലുണ്ടെന്ന് ശ്രീകുമാർ അറിയിച്ചു.