ദുബായ്∙ തുർക്കിയിലെ കഹറാമൻമറാഷിൽ രക്ഷപ്പെട്ടവരിൽ 2 മലയാളികളും. മുന്നറിയിപ്പ് സൈറണു പിന്നാലെ പുറത്തേക്കോടിയതാണ് വിദ്യാർഥിയായ അജ്മലിനും വ്യവസായിയായ ഫാറൂഖിനും രക്ഷയായത്. ഇസ്തംബുളിൽ ഗവേഷണ വിദ്യാർഥിയും ആലപ്പുഴ സ്വദേശിയുമായ മുഹമ്മദ് അസീറാണ് ഈ വിവരം മനോരമയെ അറിയിച്ചത്.
ഭൂകമ്പമേഖലയിൽ സൗജന്യ വിമാന സർവീസുണ്ട്. ഫാറൂഖ് ഇന്നലെ ഇസ്തംബുളിൽ എത്തി. അജ്മലിനു ടിക്കറ്റ് ഞായറാഴ്ചത്തേക്കാണ്. ഇരുവരും അസീറിന്റെ വീട്ടിൽ താമസിക്കും. ഭൂകമ്പം നേരിടാൻ രാജ്യം തയാറെടുത്തിരുന്നതായി അസീർ പറഞ്ഞു. ഇതിന്റെ ഭാഗമായി ഡിസംബറിൽ മോക്ഡ്രില്ലുകളുണ്ടായിരുന്നു.
കുടുങ്ങിക്കിടക്കുന്നത് 10 ഇന്ത്യക്കാർ
തുർക്കിയിലെ ഉൾപ്രദേശങ്ങളിൽ 10 ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണെന്നും ഒരാളെ കാണാതായിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭൂകമ്പത്തിനു പിന്നാലെ 75 ഇന്ത്യക്കാർ സഹായം അഭ്യർഥിച്ച് മന്ത്രാലയത്തെ ബന്ധപ്പെട്ടിട്ടുണ്ട്. തുർക്കിയിൽ മൂവായിരത്തോളം ഇന്ത്യക്കാരുണ്ടെന്നാണു കണക്ക്.
ഇന്ത്യയുൾപ്പെടെ ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള ദുരന്തനിവാരണ സംഘങ്ങൾ തുർക്കിയിലെയും സിറിയയിലെയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. തുർക്കിക്കും സിറിയയ്ക്കുമുള്ള ഇന്ത്യയുടെ സഹായദൗത്യത്തിന് ‘ഓപ്പറേഷൻ ദോസ്ത്’ (സുഹൃത്ത്) എന്നു പേരിട്ടു. തുർക്കിയിലെ ഇസ്തംബുളിലും അദാനയിലും ഇന്ത്യ കൺട്രോൾ റൂം തുറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മരുന്നുകളടക്കം 6 ടൺ വസ്തുക്കൾ ഇന്നലെ സിറിയയിലെത്തിച്ചു. റോഡുകൾ തകർന്നതും രാത്രിയിലെ അതിശൈത്യവും രക്ഷാപ്രവർത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്.
തെക്കൻ തുർക്കിയിലെ കഹറാമൻമറാഷിലെ പുനരധിവാസകേന്ദ്രം തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ താമസിക്കുന്നതിനാൽ എർദോഗനെതിരെ ജനരോഷമുണ്ട്.