മലയോര ഹൈവേയുടെ ഭാഗമായി കാസർകോട് ജില്ലയിൽ ലിങ്ക് റോഡ് നിർമ്മാണത്തിന് അനുമതി

0
195

തിരുവനന്തപുരം: മലയോരെ ഹൈവേയുടെ ഭാഗമായി കാസർകോട്ടെ കോളിച്ചാൽ – എടപ്പറമ്പ റോഡിൽ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉൾപ്പെടുത്താൻ സർക്കാർ അനുമതി നൽകി. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതിനുള്ള അനുമതി നൽകിയത്. വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റർ ദൈർഘ്യത്തിൽ  വെസ്റ്റ്കോസ്റ്റ് കനാലിൻറെ നവീകരണത്തിനും മന്ത്രിസഭായോഗം അനുമതി നൽകി.

കാസർകോട് ജില്ലയിലെ മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാൽ – എടപ്പറമ്പ റോഡ് സ്ട്രച്ചിൽ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ ഭരണാനുമതി നൽകുക. സംസ്ഥാനത്തെ മലയോര ഹൈവേയ്ക്ക് അനുവദിച്ച ആകെ തുകയിൽ വ്യത്യാസം വരാതെയാകും ഇത്.

കണ്ണൂർ പിണറായി വില്ലേജിൽ എഡ്യൂക്കേഷൻ ഹബ് സ്ഥാപിക്കുന്നതിന് 12.93 ഏക്കർ ഭൂമി ഏറ്റെടുത്തതിൽ കേരള ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്പ്മെൻറ് കോർപ്പറേഷന് (കിൻഫ്ര) ഉണ്ടായ 50 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കും. ഇക്കാര്യം കിഫ്ബി അംഗീകരിച്ച സാഹചര്യത്തിൽ ഭൂമി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്ന മുറയ്ക്ക് കിൻഫ്രയെ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

തിരുവനന്തപുരം വർക്കലയിൽ അരിവാളത്തിനും തൊട്ടിൽപാലത്തിനും ഇടയിൽ 3.5 കിലോമീറ്റർ ദൈർഘ്യത്തിൽ  വെസ്റ്റ്കോസ്റ്റ് കനാലിൻറെ സൗന്ദര്യവൽക്കരണവും കനാൽ തീരത്ത് നടപ്പാത നിർമ്മാണവും നടപ്പാക്കുന്നതിന് 19.10 കോടി രൂപയുടെ  പദ്ധതിക്ക് കിഫ്ബി ധനസഹായം ലഭ്യമാക്കാൻ തത്വത്തിൽ അനുമതി നൽകും. ക്വിൽ തയ്യാറാക്കിയ കൺസെപ്റ്റ് നോട്ട് പ്രകാരമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here