തിരുവനന്തപുരം: അശ്ലീല സൈറ്റിൽ യുവതിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തു എന്ന പരാതിയിൽ സഹപാഠികളായിരുന്ന എട്ട് പേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് സഹപാഠികളായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർക്കെതിരെ കാട്ടാകട പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇതിൽ നിലവിൽ സർക്കാർ സർവീസിൽ ജോലി നോക്കുന്നവരും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
207 അംഗങ്ങളുള്ള സ്കൂൾ ഗ്രൂപ്പിൽ നിന്നുള്ള യുവതിയുടെ ഫോട്ടോയും ഫോൺ നമ്പറും അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്തെന്നാണ് പരാതി. ഈ ചിത്രങ്ങളും അശ്ലീല പദപ്രയോഗങ്ങളുമായി പരാതിക്കാരിയുടെ ഫോണിലേക്ക് വിദേശത്തു നിന്ന് നിരന്തരം സന്ദേശം വന്നതോടെയാണ് സഹപാഠികളാണ് ഇതിനു പിന്നിലെന്ന് മനസിലായതെന്ന് പരാതിയിൽ പറയുന്നതായി പൊലീസ് അറിയിച്ചു. ഇതേസമയം, വ്യക്തി വൈരാഗ്യം തീർക്കാനുള്ള ശ്രമമാണ് പരാതിക്ക് പിന്നിലെന്ന് ആരോപണ വിധേയർ പറയുന്നു.
ഒരുമിച്ചെടുത്ത ഫോട്ടോ, സുഹൃത്തുക്കൾ അകന്നതിനെ തുടർന്ന് വൈരാഗ്യം തീർക്കാൻ ഉപയോഗിച്ചുവെന്നാണ് ആരോപണം. ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടർന്ന് യുവതിയുടെ ഫോണിലേക്ക് പല നമ്പരുകളിൽ നിന്നും സന്ദേശങ്ങൾ വന്നു. വിദേശത്തുള്ള ഭർത്താവിനെ വിവരം അറിയിക്കുകയുകയും തുടർന്നു നടത്തിയ അന്വേഷണത്തിൽ ഫോട്ടോ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്യുകയായിരുന്നു.
ജനുവരി 31ന് സൈബർ പൊലീസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലീസിലും യുവതി പരാതി നൽകി. സംശയമുള്ള ആളിന്റെ പേരും ഫോൺ നമ്പറുമടക്കമാണ് പരാതി നൽകിയത്. കാട്ടാക്കട പൊലീസ് കേസെടുക്കാൻ തയാറാകാത്തതിനെ തുടർന്ന് ഇരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതിയിൽ പറയുന്ന എട്ടു പേരിൽ ആരാണ് വിവാദ ചിത്രം അപ്‌ലോഡ് ചെയ്തതെന്ന് കണ്ടെത്തിയ ശേഷം നിരപരാധികളെ കേസിൽനിന്ന് ഒഴിവാക്കുമെന്ന് പൊലീസ് പറഞ്ഞു.