അങ്കാറ: തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണം 8000 കടന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേരാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഞ്ഞ് വീഴ്ചയും മഴയും രക്ഷാപ്രവർത്തനത്തിന് തടസമാവുകയാണ്. തുർക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഭൂകമ്പത്തിൽ നടുങ്ങിയ തുർക്കിയിലും സിറിയയിലും മരണസംഖ്യ എട്ടുമടങ്ങുവരെ വർധിച്ചേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഭൂകമ്പ സമയത്ത് പലരും ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണം. ഭൂകമ്പബാധിത പ്രദേശമായ ഗാസിയാൻതെപിൽ താപനില മൈനസ് അഞ്ച് ഡിഗ്രിയാണ്. തുർക്കിയിൽ നിന്ന് മാത്രം എണ്ണായിരത്തിലധികം പേരെ രക്ഷപ്പെടുത്തിട്ടുണ്ട്.
അതിനിടെ തുർക്കിയിൽ ഇന്നലെ അഞ്ചാം ഭൂകമ്പമുണ്ടായി. തെക്ക് കിഴക്കൻ പ്രവിശ്യയിൽ പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങളാണ് നിലംപൊത്തിയത്. രക്ഷാപ്രവർത്തനത്തിന് സിറിയ അന്താരാഷ്ട്ര സഹായം തേടിട്ടുണ്ട്. സാമ്പത്തിക ഉപരോധം നീക്കാനും സഹായം നൽകാനും സിറിയൻ സഹായ ഏജൻസി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ നിന്നുള്ളവർ രക്ഷാപ്രവർത്തനത്തിന് എത്തിത്തുടങ്ങിട്ടുണ്ട്.റഷ്യയും നെതർലൻഡസും തുർക്കിക്കൊപ്പം സിറിയയ്ക്കും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.