രാജ്യത്തെ ഏറ്റവും മൂല്യമേറിയ വസ്തു ഇടപാടില്‍ ഡി മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷന്‍ ദമാനി മുംബൈയിലെ ആഡംബര ഭവന സമുച്ചയം സ്വന്തമാക്കി. 28 ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 1,238 കോടി രൂപയാണ് അദ്ദേഹവും കുടുംബവും ചെലവഴിച്ചത്.
മുംബൈ വേര്‍ളിയിലെ ആനി ബസന്റ് റോഡിലുള്ള ത്രീ സിക്‌സ്റ്റി വെസ്റ്റിലെ ടവര്‍ ബിയിലുള്ള അപ്പാര്‍ട്ടുമെന്റുകളാണ് വാങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ വികാസ് ഒബ്‌റോയും സുധാകര്‍ ഷെട്ടിയുമാണ് വില്‍പ്പനക്കാര്‍. 1,82,084 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പാര്‍പ്പിട സമുച്ചയം. 101 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
വന്‍കിട വസ്തു ഇടപാടുകളെ ബാധിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇടപാട്. ദീര്‍ഘകാല മൂലധന നേട്ടം ഒഴിവാക്കാനുള്ള പുനര്‍നിക്ഷേപ പരിധി 10 കോടി രൂപയായി ബജറ്റില്‍ പരിമിതപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിനാണ് പുതിയ വ്യവസ്ഥ നിലവില്‍ വരിക. ഫെബ്രുവരി മൂന്നിനായിരുന്നു ഇടപാട് രജിസ്റ്റര്‍ ചെയ്തത്.
ദീര്‍ഘകാല ആസ്തികള്‍ വില്‍ക്കുമ്പോള്‍ ബാധകമായ മൂലധന നേട്ട നികുതി ഒഴിവാക്കാന്‍ മറ്റൊരു റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയായിരുന്നു. പരിധിയില്ലാത്ത നേട്ടമായിരുന്നു അതില്‍നിന്ന് ലഭിച്ചിരുന്നത്. ഈ പരിധി 10 കോടിയായി ബജറ്റില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തത്.