ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടന്ന സ്ത്രീ പ്രസവിച്ചു; പിന്നാലെ മരണം

0
288

സിറിയ: ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടന്ന ഗർഭിണി പ്രസവിച്ചു. തൊട്ടുപിന്നാലെ ഇവർ മരണത്തിന് കീഴടങ്ങി. രക്ഷാപ്രവർത്തകരാണ് നവജാതശിശുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സിറിയയിലെ ആലപ്പൊ നഗരത്തിലാണ് സംഭവം.

 

തുർക്കി-സിറിയ അതിർത്തിയിലുണ്ടായ ഭൂചലനത്തിൽ ഇരു രാജ്യങ്ങളിലുമായി 4300 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലോകാരോഗ്യസംഘടന നൽകുന്ന മുന്നറിയിപ്പ്. നിരവധിപേർക്ക് പരിക്കേറ്റ ഭൂകമ്പത്തിൽ ഇപ്പോഴും നിരവധിപേർ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്.

ഇന്നലെ പുലർച്ചെ പ്രാദേശിക സമയം 4.17-നാണ് തുർക്കിയേയും സിറിയയേയും നടുക്കിയ ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. പിന്നീട് മൂന്നുതവണ കൂടി തുടർ ചലനങ്ങളുണ്ടായി. അപകടത്തിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾ നിലംപൊത്തി. തുർക്കിയിൽ മാത്രം അയ്യായിരത്തിലേറെ കെട്ടിടങ്ങൾ തകർന്നതായാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിലൊന്നാണ് തുർക്കി. 1999ൽ വടക്കു പടിഞ്ഞാറാൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ 17,000 പേർ കൊല്ലപ്പെട്ടിരുന്നു. 1939ൽ കിഴക്കൻ പ്രവിശ്യയായ എർസിൻകാനിലുണ്ടായ ഭൂചലനത്തിൽ 33,000 പേരാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here