കോഴിക്കോട്: ഒരേ പേരുള്ള നിരവധി പേർ ഉണ്ടാകും ചില നാടുകളിൽ. ഇത്തരം ആളുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ കൗതുകവും കൂടും. അങ്ങനെയൊരു കൗതുക കാഴ്ചയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ അരങ്ങേറിയത്. ഇവിടെ ഒത്തുകൂടിയത് അഷ്റഫ് മാരാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള അഷ്റഫുമാാർ. അവരൊന്നിച്ച് നിന്ന് ബീച്ചിൽ അഷ്റഫ് എന്ന് എഴുതുക കൂടി ചെയ്തപ്പോൾ കാഴ്ചക്കാർക്കത് ആവേശമായി.
വിവിധ ഭാഗങ്ങളിൽ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് ഓടിയെത്തിയത് 2537 അഷ്റഫ്മാർ ആണ്. അഷ്റഫ് കൂട്ടായ്മ സംസ്ഥാന സംഗമത്തോടബന്ധിച്ച് നടത്തിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ ‘ലാർജ്സ്റ്റ് സെയിം നെയിം ഗാദറിങ് ‘കാറ്റഗറിയുടെ യു ആർ എഫ് വേൾഡ് റെക്കോർഡ് 2537 അഷ്റഫ്മാരെ അണിനിരത്തിക്കൊണ്ട് കരസ്ഥമാക്കി.
ബോസ്നിയക്കാരായ 2325 കുബ്രോസ്കിമാരുടെ പേരിലുള്ള റെക്കോർഡ് ആണ് കോഴിക്കോട് കടപ്പുറത്ത് നടത്തിയ ഒത്തുചേരലിലൂടെ അഷ്റഫ് മാർ തിരുത്തിക്കുറിച്ചത്. ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കൊണ്ട് നടത്തിയ സംസ്ഥാന മഹാസംഗമം പോർട്ട് മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറിയിട്ടുള്ള അഷ്റഫ് മാരുടെ കൂട്ടായ്മ കൗതുകവും ഒപ്പം തന്നെ നാടിന് വലിയ സഹായകവും ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു ആർ എഫ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താർ ആദൂർ എന്നിവർ ചേർന്ന് സമ്മാനിച്ചു. അഷ്റഫ് മൗവ്വൽ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ. മൊയ്തീൻകോയ, അഷ്റഫ് താമരശ്ശേരി, അഷ്റഫ് മൂത്തേടം തുടങ്ങിയവർ സംസാരിച്ചു. വിന്നർ ഷെരീഫ്, അനീഷ് സെബാസ്റ്റ്യൻ, അഷ്റഫ് തറയിൽ, സലിം മഞ്ചേരി, എം.എ ലത്തീഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.