ദുബായ് : പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു മുഷറഫ്. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. പാകിസ്ഥാൻ സർക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡൻ്റ് ആയിരുന്ന മുഷറഫ് ആറു വർഷത്തിലേറെയായി ദുബായിലാണ് താമസം. ഏറെ കാലമായി പാക് രാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റമടക്കം ചുമത്തപ്പെട്ടിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുൻപ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം. പാക് പട്ടാള ജനറലായിരുന്ന മുഷറഫ് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനിൽ അധികാരത്തിലേറിയത്.
1999 ഒക്ടോബറിൽ 13ന് അധികാരം പിടിച്ചെടുത്ത മുഷറഫ് നവാസ് ഷെറീഫിനെ തടവിലാക്കി. അതിന് ശേഷം 2001 ൽ പാകിസ്ഥാൻ പ്രതിരോധ സേനയുടെ സമ്പൂർണ മേധാവിയായി പട്ടാള ഭരണത്തിന് നേതൃത്വം നൽകി. 2001 ജൂണിലാണ് കരസേനാ മേധാവി സ്ഥാനം നിലനിർത്തി അദ്ദേഹം പ്രസിഡന്റായത്. 2008 ഓഗസ്റ്റ് എട്ടിനാണ് അദ്ദേഹം രാജ്യത്തെ അധികാരം ഒഴിഞ്ഞത്. പിന്നീട് വിദേശത്തേക്ക് പോവുകയായിരുന്നു. നാല് വർഷം വിദേശത്ത് താമസിച്ച മുഷാറഫ് 2013 മാർച്ച് മാസത്തിൽ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ശ്രമമെങ്കിലും രണ്ട് മണ്ഡലങ്ങളിൽ സമർപ്പിച്ച പത്രികകളും തള്ളപ്പെട്ടതോടെ ഈ നീക്കം ഫലം കണ്ടില്ല.
- പിന്നീട് മുഷാറഫിനെതിരെ പാക്കിസ്ഥാൻ ഭരണകൂടം നിലപാട് കടുപ്പിച്ചു. 2007 ൽ പാക്കിസ്ഥാനിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഘട്ടത്തിൽ ജഡ്ജിമാരെ തടവിൽ പാർപ്പിച്ചെന്ന കുറ്റത്തിൽ 2013 ഏപ്രിൽ മാസത്തിൽ ഇദ്ദേഹത്തെ പാക്കിസ്ഥാനിൽ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു. ഈ ഫാം ഹൗസും വീടും പിന്നീട് പൊലീസ് സബ് ജയിലായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.