കൊച്ചി: പോപുലർ ഫ്രണ്ടിന്റെ ഹര്‍ത്താലിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘടനയുടെയും പ്രധാന ഭാരവാഹികളുടെയും സ്വത്തുക്കൾ കണ്ടുകെട്ടിയതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിഹരിക്കാൻ ഹൈകോടതി നിർദേശം. പരാതികൾ പരിഹരിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാറിന് ഹൈകോടതി നിർദേശം നൽകി.
ജപ്തി നടപടികളിൽ പിഴവ് സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈകോടതിയിൽ വ്യക്തമാക്കി. ഒരാഴ്ച കൊണ്ട് തിരക്കിട്ട് ജപ്തി നടപടികൾ പൂർത്തിയാക്കിയപ്പോൾ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. പേരിലെ സാമ്യമാണ് പിഴവിന് കാരണമായത്. തെറ്റ് ശ്രദ്ധയിൽപ്പെടതോടെ തിരുത്തൽ നടപടി ആരംഭിച്ചതായും കോടതിയിൽ ആഭ്യന്തര സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.