Tuesday, November 26, 2024
Home Latest news മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല അന്തരിച്ചു

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല അന്തരിച്ചു

0
391

കാസര്‍കോട്: മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനുമായ തളങ്കര കടവത്തെ ടിഇ അബ്ദുല്ല (65) അന്തരിച്ചു. ഉത്തരകേരളത്തില്‍ മുസ്‌ലിം ലീഗിന് ജനകീയ മുഖം നല്‍കിയ മുന്‍ എംഎല്‍എ പരേതനായ ടിഎ ഇബ്രാഹിമി ന്റെയും സൈനബബി യുടെയും മകനാണ്. എംഎസ്എഫിലൂടെയാണ് പൊതുരംഗത്ത് വരുന്നത്. തളങ്കര മുസ് ലിം ഹൈസ്‌കൂള്‍ യൂണിറ്റ് എംഎസ്എഫ് പ്രസിഡന്റായിരുന്നു. ഹൈസ്‌കൂള്‍ ലീഡറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1978ല്‍ തളങ്കര വാര്‍ഡ് മുസ് ലിം ലീഗ് സെക്രട്ടറിയായി. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്, കാസര്‍കോട് നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്, കാസര്‍കോട് നിയോജക മണ്ഡലം മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി, കാസര്‍കോട് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ്, കാസര്‍കോട് വികസന അതോറിറ്റി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച ടിഇ അബ്ദുല്ല 2008 മുതല്‍ സംസ്ഥാന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്. 1988 മുതല്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറായി.2000 ല്‍ തളങ്കര കുന്നില്‍ നിന്നും 2005ല്‍ തളങ്കര പടിഞ്ഞാറില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മൂന്ന് തവണ കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ പദവി അലങ്കരിച്ചു. അദ്ദേഹം ചെയര്‍മാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസര്‍കോടിനെ തിരഞ്ഞെടുത്തു.കാസര്‍കോട് സംയുക്ത മുസ്ലീം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി വൈസ് പ്രസിഡണ്ട്, ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട്, ടി. ഉബൈദ് ഫൗണ്ടേഷന്‍ ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. ഫുട്‌ബോള്‍ കളിക്കാരന്‍ കൂടിയായിരുന്ന ടി.ഇ അബ്ദുല്ല നേരത്തെ കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ചേമ്പേഴ്‌സിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോടിന്റെ വികസന ശില്‍പികളിലൊരാള്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളും സന്ധ്യാരാഗം ഓഡിറ്റോറിയവുമെല്ലാം ടി.ഇ അബ്ദുല്ലയുടെ സംഭാവനയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here