‘ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയുടെ ഉള്ളില്‍ അവയവങ്ങൾ ഇല്ല, പകരം പ്ലാസ്റ്റിക് ബാ​ഗു​കൾ’; ആരോപണവുമായി കുടുംബം

0
217

ദില്ലി: ശസ്ത്രക്രിയക്കിടെ 15കാരിയുടെ അവയവങ്ങൾ നീക്കം ചെയ്ത് പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾ നിറച്ചെന്ന് കുടുംബത്തിന്റെ പരാതി. ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടി മരിച്ചതോടെയാണ് കുടുംബം ആരോപണവുമായി രം​ഗത്തെത്തിയത്. ആരോപണത്തിന് പിന്നാലെ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ചയാണ് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തതെന്നും വിശദമായ റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ ആരോപണം ശരിയാണോ അല്ലയോ എന്ന് പറയാനാകുകയെന്നും പൊലീസ് പറഞ്ഞു.

ജനുവ​രി 21നാണ് കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് 24ന് ശസ്ത്രക്രിയ നടത്തി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി മരിച്ചു. ആശുപത്രിയിൽ നിന്ന് ബന്ധുക്കൾ ആരോപണങ്ങളൊന്നും ഉന്നയിച്ചില്ലെന്ന് ഡിസിപി സാ​ഗർ സിങ് കൽസി പറഞ്ഞു. എന്നാൽ പിന്നീട് പെൺകുട്ടിയുടെ അവയവങ്ങൾ നീക്കം ചെയ്തതായി സംശയിക്കുന്നതായി പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചതിന് ശേഷം മൃതദേഹം പൊലീസ് ഏറ്റെടുത്തു. നിലവിൽ ​ഗുരു തേജ് ബ​ഹാദൂർ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് വ്യക്തമാക്കി. എംസിഡി കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയിൽ വെച്ചാണ് കുട്ടി മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊലീസ് സർക്കാറിനോട് ആവശ്യപ്പെട്ടു.

വയറ്റിൽ ചില സുഷിരങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവയവങ്ങൾ നീക്കം ചെയ്തതായി പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണമുന്നയിച്ചത്. ദ്വാരങ്ങൾ പ്ലാസ്റ്റിക് ബാഗുകൾ കൊണ്ട് നിറച്ചതാണെന്നും കുടുംബം ആരോപിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here