തിരുവനന്തപുരം: സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ അനിശ്ചിതകാല പണിമുടക്കിൽ. ക്വാറികൾ അടച്ചിട്ടാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം. പ്രശ്നം പരിഹരിക്കാതെ ചെങ്കൽ ക്വാറികൾ തുറന്ന് പ്രവർത്തിക്കില്ലെന്ന നിലപാടിലാണ് ഉടമകൾ.
പതിച്ചു നൽകിയ ഭൂമിയിൽ ക്വാറികൾക്ക് ലൈസൻസ് അനുവദിക്കുക, ലൈസൻസിന്റെ പേരിൽ ഭീമമായ പിഴ ചുമത്തുന്നത് നിർത്തിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ചെങ്കൽ ക്വാറി ഉടമകൾ ഉന്നയിക്കുന്നത്. പിടിക്കപ്പെടുന്ന ലോറികൾക്ക് ഉടൻ പിഴ ചുമത്താതെ താലൂക്ക്, വില്ലേജ് ഓഫീസുകളിൽ മാസങ്ങളോളം പിടിച്ചിട്ട് ചെങ്കൽ തൊഴിലാളികളെക്കൂടി പട്ടിണിയിലേക്ക് തള്ളിവിടുന്നുവെന്നാണ് പരാതി. വ്യവസായ മന്ത്രി അടക്കമുള്ളവരെ കണ്ട് പരാതിപ്പെട്ടിട്ടും നടപടിയില്ലാത്തതിനാലാണ് ചെങ്കൽ ക്വാറികൾ അടച്ചിട്ടുള്ള സമരമെന്നും ഇവർ വ്യക്തമാക്കുന്നു.
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ പ്രവർത്തിപ്പിക്കില്ലെന്നാണ് നിലപാട്. സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ അടച്ചിട്ടത് നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും.