മുംബൈ: രാജ്യം ഉണർന്നിരിക്കുകയാണെന്നും മതപരിവർത്തനം നടത്തുന്നവരുടെ ദുഷിച്ച ലക്ഷ്യങ്ങള്‍ ഇന്ത്യയിൽ ഇനി വിജയിക്കില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിഥ്യനാഥ്. മഹാരാഷ്ട്രയിലെ ജൽഗാവിൽ നടക്കുന്ന ‘ബഞ്ചാര കുംഭ’ മേളയിലായിരുന്നു യോഗിയുടെ പരാമർശം. യു.പിയിൽ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് പത്തു വർഷം വരെ തടവുശിക്ഷ നൽകുമെന്നും എന്നാല്‍, ഇത് ഘര്‍ വാപസിക്ക് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു.
കുത്സിത മനസുമായി മതപരിവർത്തനം നടത്തുന്നവരുണ്ട്. അവരെ തടയാൻ നമ്മൾ ഒന്നിച്ചു പ്രവർത്തിക്കണം. ‘സബ്കാ സാത്, സബ്കാ വികാസി’ലൂടെ നമുക്ക് അവരുടെ ലക്ഷ്യം തകർക്കാനാകും-ആർ.എസ്.എസ്-ബഞ്ചാര ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ യോഗി പറഞ്ഞു.
ഉത്തർപ്രദേശിൽ ആർക്കും ഇപ്പോൾ മതപരിവർത്തനം നടത്താനാകില്ല. അങ്ങനെ നടത്തുന്നതായി കണ്ടെത്തിയാൽ അവർക്ക് 10 വർഷം വരെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ, ആർക്കെങ്കിലും തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ശിക്ഷ ബാധകമല്ല. ആർക്കും ഹിന്ദുമതത്തിലേക്ക് തിരിച്ചുവരാം-പ്രസംഗത്തിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
മത-ജാതി വിവേചനം അവസാനിപ്പിച്ചാൽ ആർക്കും ഇന്ത്യയുടെ പുരോഗതി തടയാനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജാതി-പ്രാദേശിക വിഭജനങ്ങൾ അവസാനിപ്പിക്കണം. ഒരു തരത്തിലുമുള്ള വിഭാഗീയ തന്ത്രങ്ങൾ പയറ്റരുത്. എന്നാൽ, ലോകത്ത് ഒരു ശക്തിക്കും ഇന്ത്യയുടെ വളർച്ച തടയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.