മഞ്ചേശ്വരം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആഡംബര വീട്ടിൽ നിന്നും 30 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം എക്സൈസ് പരിധിയിലെ മീഞ്ച പഞ്ചായതിലെ മിയാപദവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് 30 കിലോ കഞ്ചാവുമായി മുഹമ്മദ് മുസ്തഫ (28) യെ വീടുവളഞ്ഞ് പിടികൂടിയത്. സംസ്ഥാന എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളും കാസർകോട് എക്സൈസ് ഡെപ്യൂടി കമീഷണറുടെ സ്‌ക്വാഡ് അംഗങ്ങളും കാസർകോട് സർകിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളും സംയുക്തമായാണ് കഞ്ചാവ് വേട്ട നടത്തിയത്.
മഞ്ചേശ്വരത്ത് തമ്പടിച്ച് കഞ്ചാവ് – മയക്കുമരുന്ന് ഇടപാട് നടത്തുന്നയുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസമായി മുസ്ത്വഫയെ നിരീക്ഷിച്ച് വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലേക്ക് കഞ്ചാവ് എത്തിച്ചതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വീട് വളയുകയായിരുന്നുവെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെഎൽ 14 എസ് 5733 ആൾടോ കാർ, ഇലക്ട്രോണിക് ത്രാസ്, പാകിങ് ചെയ്യാനുള്ള ഉപകരണങ്ങൾ, ആൾടോ കാറിൽ ഘടിപ്പിക്കുന്നതിനായി സൂക്ഷിച്ച ആന്ധ്രാപ്രദേശ് രജിസ്ട്രേഷനിലുള്ള നാല് നമ്പർ പ്ലേറ്റുകൾ എന്നിവ പിടിച്ചെടുത്തതായും വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന കഞ്ചാവാണ് കണ്ടെടുത്തതെന്നും എക്സൈസ് സംഘം അറിയിച്ചു. കഞ്ചാവ് വിൽപനയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് മുസ്ത്വഫ ആഡംബര വീട് പണിതുവന്നിരുന്നതെന്ന് എക്സൈസ് സംഘം സൂചിപ്പിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും മറ്റുമാണ് കാസർകോട്ട് കഞ്ചാവ് എത്തിച്ചിരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.