കോഴിക്കോട് : കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ അഞ്ച് വയസ്സുള്ള കുട്ടിയോട് ക്രൂരമായി പെരുമാറിയ ഓട്ടോ ഡ്രൈവർ വിചിത്രനോട് സ്റ്റേഷനിൽ ഹാജരവാൻ പൊലീസ് നിർദ്ദേശം. ചൈൽഡ് ലൈനോട് കുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് ആവശ്യപ്പെടും. ഇതിന് ശേഷം സംഭവത്തിൽ സ്വമേധയ കേസ് എടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയുടെ ഉമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന് കുട്ടിയുടെ ഉമ്മ അറിയിച്ചു. മകന് കൂടുതല്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നതിനാലാണ് പരാതിയുമായി മുന്നോട്ട് പോകുന്നില്ലെന്ന് തീരുമാനിച്ചതെന്നാണ് ഉമ്മ വ്യക്തമാക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ഓട്ടോറിക്ഷയിൽ തുപ്പിയതിന് കുട്ടിയെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചെന്നാണ് പരാതി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.
അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് ഇയാൾ ഓട്ടോറിക്ഷ തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവർ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ സഹോദരിയാണ് സംഭവം വീട്ടില്‍ അറിയിച്ചത്. പിറ്റേന്ന് ഉമ്മ ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോഴും മോശമായ പ്രതികരണമാണുണ്ടായത്. കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തു.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവം ബാലാവകാശ കമ്മീഷന്‍റെ ശ്രദ്ധയില്‍പ്പെടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചോമ്പാല പൊലീസിനോട് നിര്‍ദ്ദേശവും നല്‍കി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് ചോമ്പാല പൊലീസ് അറിയിച്ചു. ഈ വര്‍ഷമാണ് കുട്ടിയും സഹോദരിയും വിചിത്രന്‍റെ ഓട്ടോയില്‍ സ്കൂളില്‍ പോകാന്‍ തുടങ്ങിയത്.