ചെന്നൈ: ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ റണ്‍സടിച്ചു കൂട്ടിയിട്ടും മുംബൈ ബാറ്റര്‍ സര്‍ഫ്രാസ് ഖാനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ കാരണം തുറന്നു പറഞ്ഞ് ഇന്ത്യന്‍ ടീം സെലക്ടറായ ശ്രീധരന്‍ ശരത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സര്‍ഫ്രാസിന് പകരം സൂര്യകുമാര്‍ യാദവിന് ഇടം നല്‍കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ഫ്രാസിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിനെതിരെ മുന്‍ താരങ്ങളായ സുനില്‍ ഗവാസ്കറും വെങ്കിടേഷ് പ്രസാദും പരസ്യമായി രംഗത്തു വരികയും ചെയ്തു. ഇതിനിടെയാണ് എന്തുകൊണ്ടാണ് സര്‍ഫ്രാസിനെ ഇപ്പോള്‍ ടീമിലെടുക്കാത്തത് എന്ന് ശ്രീധരന്‍ ശരത് വ്യക്തമാക്കിയത്.
സര്‍ഫ്രാസ് തീര്‍ച്ചയായും സെലക്ടര്‍മാരുടെ റഡാറിലുള്ള കളിക്കാരനാണ്. അധികം വൈകാതെ അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കും. ഓരോ പരമ്പരക്കുമുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ടീം കോംപോസിഷനും ടീമിന്‍റെ ബാലന്‍സുമാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ സര്‍ഫ്രാസിനെ ടീമിലെടുക്കാന്‍ കഴിയാതിരുന്നതെന്നും ശരത് സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇപ്പോഴത്തെ ടീമില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയുമെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും ശരത് പറഞ്ഞു. കോലി ഇപ്പോഴും മാച്ച് വിന്നറാണ്. പൂജാരയാകട്ടെ ബാറ്റിംഗ് നിരക്ക് സ്ഥിരത നല്‍കുന്നു. അതുപോലെ ശ്രേയസ് അയ്യരും സ്ഥിരതയുള്ള കളിക്കാരനാണ്. ശുഭ്മാന്‍ ഗില്ലും കെ എല്‍ രാഹുലുമെല്ലാം പ്രതിഭാധനരായ കളിക്കാരാണെന്നും ശരത് വ്യക്തമാക്കി.
ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ മാത്രമാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ബാറ്ററായി വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയും ബാറ്ററായി സൂര്യകുമാര്‍ യാദവിനെയുമാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ടി20 ക്രിക്കറ്റില്‍ മികച്ച പ്രകടനം തുടരുന്ന സൂര്യ ഏകദിനത്തില്‍ ഇതുവരെ മികവിലേക്ക് ഉയര്‍ന്നിട്ടില്ല. എന്നാല്‍ രഞ്ജി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിട്ടും സര്‍ഫ്രാസിന് പകരം സൂര്യയെ ടീമിലുള്‍പ്പെടുത്തിയതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
2020നുശേഷം ആഭ്യന്തര ക്രിക്കറ്റില്‍ ഒരു ട്രിപ്പിളും രണ്ട് ഡബിളും ഉള്‍പ്പെടെ 12 സെഞ്ചുറികളാണ് സര്‍ഫ്രാസ് അടിച്ചെടുത്തത്. 2020-21 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 938 റൺസ് അടിച്ച സര്‍ഫ്രാസ് 2021-22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. ഈ സീസണിൽ മൂന്ന് സെഞ്ചുറികളാണ് സര്‍ഫ്രാസ് നേടിയത്.