ഈ വര്‍ഷം 20 ലക്ഷം പേര്‍ ഹജ്ജിനെത്തുമെന്ന് സഊദി അറേബ്യ

0
135

ജിദ്ദ: സഊദി അറേബ്യ ഈ വര്‍ഷത്തെ (ഹിജ്‌റ 1444) ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബിഅ. ഇത്തവണ 20 ലക്ഷം പേര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു. അള്‍ജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രി, 41,300 സീറ്റ് ആണ് ആ രാജ്യത്തിന്റെ ഹജ്ജ് ക്വാട്ടയെന്നും വ്യക്തമാക്കി.

പ്രായനിബന്ധന ഉള്‍പ്പെടെ ഒഴിവാക്കി, കൊവിഡ് മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സാധാരണനിലയിലേക്ക് ഈ വര്‍ഷം ഹജ്ജ് നടപടികള്‍ കൊണ്ടുപോകാനാണ് സഊദി ഭരണകൂടത്തിന്റെ തീരുമാനം. സമയവും പ്രയത്‌നവും ലാഭിക്കുന്ന തരത്തില്‍ എല്ലാ തീര്‍ഥാടകര്‍ക്കും മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഹജ്ജ് മന്ത്രാലയവും ബന്ധപ്പെട്ട ഏജന്‍സികളും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

ഉംറ വിസ കാലാവധി 30ല്‍ നിന്ന് 90 ദിവസത്തേക്ക് നീട്ടിയതും എല്ലാത്തരം വിസയിലെത്തുന്നവര്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. അള്‍ജീരിയന്‍ മതകാര്യ മന്ത്രി ഡോ. യൂസഫ് ബെല്‍മഹ്ദിയുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍, ഇരു ഹറമുകളിലും ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കുന്നതിന് സഊദി അറേബ്യ നടപ്പാക്കിയ വികസന പദ്ധതികളും വിശദീകരിച്ചു. അള്‍ജീരിയയിലെ നിരവധി ഉദ്യോഗസ്ഥരുമായി മന്ത്രി ഡോ. അല്‍റബിഅ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here