കാസര്‍കോട്(www.mediavisionnews.in):ദേശീയപാത വികസനത്തിന്റെ പേരിൽ നഷ്ടപരിഹാരം നൽകാതെ കുടിയൊഴിപ്പിക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കുമെന്ന് കാസർകോട് മർച്ചന്റ്‌സ് അസോസിയേഷൻ പ്രസ്താവിച്ചു. സ്ഥലമേറ്റെടുപ്പ് നടപടികൾ അന്തിമഘട്ടത്തിലെത്തിയിട്ടും വ്യാപാരികൾക്ക് സർക്കാരോ കെട്ടിട ഉടമകളോ നഷ്ടപരിഹാരം നൽകാതെ ഉടമകളുടെ ഭീഷണിക്ക് വഴങ്ങി കട ഒഴിഞ്ഞുകൊടുക്കില്ലെന്നും അസോസിയേഷൻ പ്രവർത്തകസമിതി യോഗം വ്യക്തമാക്കി.
കടമുറികളിൽ വ്യാപാരികൾ മുതൽമുടക്കി സ്ഥാപിച്ച ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾക്കെല്ലാം കെട്ടിട ഉടമകൾക്ക് ഭീമമായ തുക നഷ്ടപരിഹാരം നൽകുന്നുണ്ടെന്നാണ് അധികൃതർ പറയുന്നുത്. എന്നാൽ, കെട്ടിട ഉടമകൾ ഒരുതരത്തിലുള്ള നഷ്ടപരിഹാരവും വ്യാപാരികൾക്ക് നൽകുന്നില്ല. ഭീഷണിപ്പെടുത്തി കടമുറികൾ ഒഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
റോഡ് വികസനത്തിന് വ്യാപാരികൾ എതിരല്ല. എന്നാൽ, അർഹമായ നഷ്ടപരിഹാരം നൽകാതെ ധിക്കാരപരമായും ഭീഷണിപ്പെടുത്തിയും വ്യാപാരികളെ കുടിയൊഴുപ്പിച്ച് സർക്കാരിൽനിന്ന് പണം കൈപ്പറ്റാനുള്ള ഉടമകളുടെ ശ്രമം പരാജയപ്പെടുത്താനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് എ.കെ.മൊയ്തീൻകുഞ്ഞി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.നാഗേഷ് ഷെട്ടി, റഫീഖ് ബ്രദേർസ്, ബഷീർ കല്ലങ്കാടി, എ.എ.അസീസ്, അഷ്റഫ് സുൽസൺ, ടി.എ.ഇല്യാസ്,കെ.ദിനേശ്, കെ.ശശിധരൻ, ടി.എ.അൻവർ സദാത്ത് തുടങ്ങിയവർ സംസാരിച്ചു.