മോഷണത്തിന് പിടിയിലായി,കോടതി നല്ലനടപ്പിന് വിധിച്ചു; കള്ളൻ പോലീസായി മാറി

0
200

കണ്ണൂര്‍: ഗത്യന്തരമില്ലാതെയായിരുന്നു കോഴിക്കോട്ടുകാരനായ യുവാവ് മോഷണത്തിനിറങ്ങിയത്. കന്നി മോഷണത്തിന് തിരഞ്ഞെടുത്തത് അയല്‍പക്കത്തെ വീടും. എന്നാല്‍, പരിചയസമ്പന്നനല്ലാത്തതിനാല്‍ ആദ്യ ശ്രമത്തില്‍ത്തന്നെ പിടിക്കപ്പെട്ടു. പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

യുവാവിന്റെ കുടുംബപശ്ചാത്തലവും മോഷണംനടത്തിയ സാഹചര്യവും മനസ്സിലാക്കിയ കോടതി അയാളെ നല്ലനടപ്പിനുവിട്ടു. കോടതിയുടെ ആ തീരുമാനം അയാളുടെ ജീവിതം മാറ്റിമറിച്ചു. പിന്നെ പഠനത്തിലായി ശ്രദ്ധ. പി.എസ്.സി. എഴുതി ജയിച്ചു. പോലീസായി.

നല്ലനടപ്പ് ആര്‍ക്കൊക്കെ

ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ക്കൂടി കേസിന്റെ സാഹചര്യം, കുറ്റവാളിയുടെ സ്വഭാവം, കുടുംബപശ്ചാത്തലം, പൂര്‍വചരിത്രം, സമൂഹവുമായുള്ള ഇടപെടലുകള്‍ എന്നിവ കണക്കിലെടുത്ത് വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ജയില്‍ശിക്ഷയ്ക്ക് പകരം നല്ലനടപ്പിന് അയക്കുന്നത്.

ഇതുവഴി സ്വന്തം കുടുംബത്തിലും സമൂഹത്തിലും നല്ലനിലയില്‍ ജീവിക്കാന്‍ അവസരംനല്‍കുകയാണ്1958-ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്‌സസ് ആക്ടിലെ ‘നല്ലനടപ്പ്’ കൊണ്ട് ലക്ഷ്യമിടുന്നത്.

ഏഴുവര്‍ഷത്തില്‍ കുറവ് ശിക്ഷലഭിക്കുന്ന, കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്യാത്തവരെയാണ് പരിഗണിക്കുന്നത്. ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടും വേണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിക്ക് യുക്തമെന്ന് തോന്നുന്നപക്ഷം ജയില്‍ശിക്ഷ ഒഴിവാക്കി ഒരുവര്‍ഷംമുതല്‍ മൂന്നുവര്‍ഷ കാലയളവില്‍ നല്ലനടപ്പിന് അയക്കാം. 18 വയസ്സിന് മുകളിലുള്ളവരെയാണ് പരിഗണിക്കുക.

ഒരു ഉത്തരവുമതി,ഒരാളുടെ ജീവിതം മാറ്റിമറിക്കാന്‍

:2022-ല്‍ സംസ്ഥാനത്ത് കോടതി നല്ലനടപ്പിനയച്ച 582 പേരും തുടര്‍ന്ന് മറ്റൊരു കേസിലും ഉള്‍പ്പെട്ടില്ല. കോടതി നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് മുഴുവനാളുകളും സമൂഹത്തില്‍ മാന്യമായ ജീവിതംനയിക്കുന്നു. ഇതുപോലെ മാനസാന്തരപ്പെട്ട ഒട്ടേറെപ്പേരുടെ കഥകള്‍ പ്രൊബേഷന്‍ വകുപ്പിന്റെ ഫയലിലുണ്ട്.

ഒരു ദുര്‍ബലനിമിഷത്തില്‍ ചെയ്തുപോയ അപരാധത്തില്‍ ജീവിതം മാറിമറിഞ്ഞു പോയ ഇവര്‍ നല്ലനടപ്പെന്ന മാനസിക പരിവര്‍ത്തനത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുനടക്കുകയാണ്.

നല്ലനടപ്പിലൂടെ സിനിമാതാരമായ കണ്ണൂരുകാരന്റെ കഥയും ഫയലിലുണ്ട്. സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ കുറ്റവാളിയായ ഇദ്ദേഹത്തെ നല്ലനടപ്പിന് ശിക്ഷിച്ചു. കാലാവധി പൂര്‍ത്തിയാക്കിയ യുവാവിനെ നാട്ടുകാര്‍ പിന്നീട് കണ്ടത് സിനിമാനടനായിട്ടാണ്.

ബൈക്ക് മോഷണക്കേസില്‍ പിടിച്ച മറ്റൊരാള്‍ നല്ലനടപ്പിനുള്ള കാലാവധി പൂര്‍ത്തിയാക്കി വിമാനംകയറിയത് ഗള്‍ഫിലേക്ക്. ഇന്നയാള്‍ ഖത്തര്‍ രാജാവിന്റെ കൊട്ടാരത്തിലെ ചിത്രകാരനാണ്. ഇങ്ങനെ മാനസാന്തരമുണ്ടായവരുടെ എണ്ണം നീളുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here