കേരള സംസ്ഥാനത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി രൂപ കവിഞ്ഞു. ഓരോ മാസവും ധനകാര്യ വകുപ്പ് എടുത്തുകൊണ്ടിരിക്കുന്ന കടം, 3500 കോടി രൂപ വരെയാണ്. ഭീമമായ ഈ കടമെടുപ്പിന് പലരും നിരത്തുന്ന ന്യായീകരണം, കേന്ദ്രവും മറ്റു സംസ്ഥാനങ്ങളും ഇതിനേക്കാളേറെ കടമെടുക്കുന്നു എന്നാണ്. മറ്റിടങ്ങളിലെ കടമെടുപ്പ് അടിസ്ഥാന സൗകര്യവികസനത്തിനും, മറ്റ് പ്രത്യുത്പാദനപരമായ ആവശ്യങ്ങൾക്കുമാണെങ്കിൽ, ഇവിടത്തെ കടമെടുപ്പ് ശമ്പളവും പെൻഷനും കൊടുക്കാനാണ്. ‘പൂച്ചക്കാര് മണികെട്ടും” എന്ന ചൊല്ലുപോലെ, കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും യഥാർത്ഥ പ്രശ്നങ്ങളെ അവഗണിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ശക്തമായ യൂണിയനുകളെ എതിർക്കാൻ ഇരുമുന്നണികൾക്കും താത്പര്യമില്ലെന്നതുതന്നെ.
സംസ്ഥാനത്തെ ധനസ്ഥിതി കൂടുതൽ വഷളാക്കുന്നത് കെ.എസ്.ആർ.ടി.സി, കെ. എസ്. ഇ.ബി, കെ.ഡബ്ളിയു.എ (വാട്ടർ അതോറിട്ടി) എന്നീ സ്വതന്ത്ര സ്ഥാപനങ്ങളാണ്. ആറു കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന നഷ്ടം. കെ.എസ്.ഇ.ബിയുടെ പ്രതിദിന നഷ്ടം നാലുകോടി രൂപ. വാട്ടർ അതോറിട്ടി രണ്ടുകോടി രൂപ നഷ്ടവുമായി തൊട്ടു പിന്നിലുണ്ട്. 6 - 4- 2 ഫോർമുലയനുസരിച്ച്, ഈ മൂന്നു സ്ഥാപനങ്ങളും കൂടി മലയാളികളുടെ 12 കോടി രൂപ ദിവസവും ചോർത്തുന്നു. കെ.എസ്.ആർ.ടി.സിയെ നന്നാക്കാനുള്ള പരിശ്രമങ്ങൾ അനേക ദശകങ്ങളായി നടക്കുന്നുണ്ടെങ്കിലും, എല്ലാം പരാജയപ്പെട്ടതേയുള്ളൂ. കെ.എസ്.ആർ.ടി.സിയെ എയർ ഇന്ത്യാ മോഡലിൽ സ്വകാര്യവത്കരിക്കുക മാത്രമേ ഇനി മാർഗമുള്ളൂ. താത്പര്യമില്ലാത്ത തൊഴിലാളികൾക്ക് മാന്യമായ നഷ്ടപരിഹാരത്തോടെ വി.ആർ.എസ് നൽകണം. കേന്ദ്ര നിർദ്ദേശങ്ങൾക്ക് അനുസൃതമായി നല്ല രീതിയിൽ, നടത്തിയിരുന്നെങ്കിൽ, കെ.എസ്.ഇ.ബിയിൽ നിന്നുള്ള ലാഭംകൊണ്ടു മാത്രം കേരളത്തിലെ ധനക്കമ്മി പരിഹരിക്കാമായിരുന്നു. യൂണിയനുകളുടെ സമ്മർദ്ദം നിമിത്തം ഉൗർജ്ജരംഗത്ത് മത്സരം കൊണ്ടുവരാൻ കേരള സർക്കാരിന് സാധിക്കുന്നില്ല.
കെ.എസ്.ഇ.ബിയെ ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്നു ഘടകങ്ങളാക്കി വിഭജിക്കണമെന്ന കേന്ദ്ര നിർദ്ദേശം ദശകങ്ങളായി നടപ്പാക്കിയിട്ടില്ല. സംസ്ഥാനത്തെ തെക്കൻ മേഖല, മദ്ധ്യ മേഖല, വടക്കൻ മേഖല എന്നിങ്ങനെ മൂന്ന് വ്യത്യസ്ത എസ്.ബി.യു ആയി തിരിച്ചാൽ ഉൗർജ്ജരംഗത്ത് മത്സരം കൊണ്ടുവരാം. സംസ്ഥാനത്ത് ഉപയോഗിക്കുന്ന കറന്റിൽ മൂന്നിൽ രണ്ടുഭാഗവും പുറമേ നിന്ന് വാങ്ങുന്നതാണ്. എണ്ണായിരം കോടി രൂപയിലേറെയാണ് ഓരോ വർഷവും ഇതിനുവേണ്ടി ചെലവഴിക്കുന്നത്. 778 മെഗാവാട്ട് ശേഷിയുള്ള 128 ചെറുകിട ജലവൈദ്യുത പദ്ധതികളാണ് കേരളത്തിൽ മുടങ്ങിക്കിടക്കുന്നത്. അടുത്തകാലത്ത് വൈദ്യുതിമന്ത്രി തന്നെ പറഞ്ഞതനുസരിച്ച്, ജലവൈദ്യുതിക്ക് യൂണിറ്റൊന്നിന് 51 പൈസ മാത്രമേ ഉത്പാദന ചെലവ് വരുന്നുള്ളൂ. കെ.എസ്.ഇ.ബി ഓരോ വർഷവും ഉണ്ടാക്കുന്ന ഭീമമായ നഷ്ടത്തിന്റെ കാരണം ഇതിൽനിന്ന് വ്യക്തം.
കേരളത്തിൽ ഗാർഹിക, വാണിജ്യ, വ്യാവസായിക ആവശ്യങ്ങൾക്കെല്ലാം ശുദ്ധജലം വിതരണം ചെയ്യുന്നത് വാട്ടർ അതോറിട്ടിയാണ്. വാട്ടർ അതോറിട്ടിയുടെ പ്രതിദിന പ്രവർത്തന നഷ്ടം രണ്ടുകോടി രൂപയാണ്. ഈ നഷ്ടത്തിന്റെ അടിസ്ഥാന കാരണം വെള്ളത്തിന്റെ ചോർച്ചയാണ്. വാട്ടർ അതോറിട്ടി ശുദ്ധീകരിച്ച് പമ്പുചെയ്യുന്ന വെള്ളത്തിൽ 45 ശതമാനവും ലീക്കായി നഷ്ടമാകുന്നു. ഈ ചോർച്ച അടച്ചാൽത്തന്നെ വാട്ടർ അതോറിട്ടി ലാഭത്തിലാക്കാം. രണ്ട് കാരണങ്ങൾ കൊണ്ടാണ് മണ്ണിനടിയിൽ കിടക്കുന്ന പൈപ്പ് ലീക്കാകുന്നത്. ഒന്നാമതായി അത് ഒരു മീറ്റർ താഴ്ചയിൽ കുഴിച്ചിട്ടിട്ടില്ല. രണ്ടാമത് മണ്ണിട്ടു മൂടുന്നതിനു മുമ്പായി പൈപ്പ്, അതിന്റെ രൂപകല്പനാ മർദ്ദം എത്രയാണോ, അതിന്റെ ഒന്നരമടങ്ങിൽ ഹൈഡ്രോ ടെസ്റ്റ് ചെയ്തിട്ടില്ല. വർക്ക് മെത്തഡോളജിയിൽ ഈ രണ്ട് കാര്യങ്ങൾ ഉറപ്പുവരുത്തിയാൽ വാട്ടർ അതോറിട്ടിയും രക്ഷപ്പെടും, കേരളത്തിലെ റോഡുകളും രക്ഷപ്പെടും.
സർക്കാരിന്റെ ധനക്കമ്മി പരിഹരിക്കാൻ ഓരോ ഡിപ്പാർട്ട്മെന്റിലും അധികമുള്ള ജീവനക്കാരെ മറ്റ് ഡിപ്പാർട്ടുമെന്റുകളിലേക്ക് പുനർവിന്യസിക്കുക. പെൻഷൻപ്രായം 58 വയസാക്കുക. ഭാര്യയും ഭർത്താവും പെൻഷൻ വാങ്ങുന്നവരാണെങ്കിൽ, മൊത്തം പെൻഷൻതുക, ഒരു കുടുംബത്തിന് ഒരുലക്ഷം രൂപയായി നിജപ്പെടുത്തുക. അടുത്ത അഞ്ചുവർഷത്തേക്ക് ശമ്പളവും പെൻഷനും കൂട്ടാതിരിക്കുക. പെൻഷണറുടെ മരണശേഷം പങ്കാളിക്ക് പെൻഷൻ എന്ന വ്യവസ്ഥയ്ക്ക് പകരം ’പങ്കാളി പെൻഷണർ അല്ലെങ്കിൽ മാത്രം പെൻഷൻ എന്ന വ്യവസ്ഥ വയ്ക്കുക. ലേഖകൻ പള്ളിവാസൽ പദ്ധതിയുടെ മുൻ പ്രോജക്ട് മാനേജരാണ് ഫോൺ : 82814 05920