ആറ്റിങ്ങൽ: രാത്രിയിൽ ലിഫ്ട് ചോദിച്ച് ബൈക്കിൽ കയറിയയാൾ ബൈക്കും,പേഴ്സും,ഫോണും കവർന്ന ശേഷം യുവാവിനെ വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഇക്കഴിഞ്ഞ ആറിനാണ് സംഭംവം. കഴക്കൂട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പാരിപ്പള്ളി സ്വദേശി സുജിത്ത് (29) രാത്രി ഒമ്പതോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ ദേശീയ പാതയിൽ മാമത്ത് എത്തിയപ്പോൾ ഒരാൾ ലിഫ്ട് ചോദിച്ച് ബൈക്കിൽ കയറി. യാത്ര തുടരുന്നതിനിടെ സുജിത്തിന്റെ കഴുത്തിൽ കത്തിവച്ചശേഷം ബൈക്ക് നിറുത്തിച്ചു. തുടർന്ന് മുഖത്ത് എന്തോ മണപ്പിച്ച ശേഷം ബോധം കെടുത്തുകയായിരുന്നു.
പിന്നീട് സുജിത്തിനെ കല്ലമ്പലം തട്ടുപാലത്തിന് സമീപം ഉപേക്ഷിച്ചശേഷം ബൈക്കും, പണവും രേഖകളുമടങ്ങിയ പേഴ്സും, മൊബൈലും കവർന്ന് ഇയാൾ കടന്നുകളയുകയായിരുന്നു. അവശനായി റോഡരുകിൽ കിടന്ന സുജിത്തിന്നെ പട്രോളിംഗിനെത്തിയ കല്ലമ്പലം പൊലീസ് കണ്ടെത്തി വീട്ടിലെത്തിച്ചു. തുടർന്ന് സുജിത്തിനെ പ്രാഥമിക ശുശ്രൂഷ നൽകി. എട്ടിന് സംഭവം വിവരിച്ച് ആറ്റിങ്ങൽ പൊലീസിൽ ഇയാൾ പരാതി നൽകി. സംഭവം കല്ലമ്പലം മേഖലയിൽ നടന്നതിനാൽ ആറ്റിങ്ങൽ പൊലീസ്, കേസ് കല്ലമ്പലം സ്റ്റേഷന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പൂന്തുറ സ്റ്റേഷനിൽ പിടിയിലായതായാണ് വിവരം. ഇതിനിടെ സുജിത്തിന്റെ പേഴ്സിലുണ്ടായിരുന്ന അമ്മയുടെ എ.ടി.എം കാർഡിൽ നിന്ന് പണം പിൻവലിച്ചതായും പറയുന്നു.