ഗുവാഹത്തി: ‘ആരാണ് ഷാരൂഖ് ഖാൻ, എനിക്ക് അദ്ദേഹത്തെക്കുറിച്ചോ പഠാൻ സിനിമയെക്കുറിച്ചോ ഒന്നുമറിയില്ല’. ഇങ്ങനെയായിരുന്നു പഠാൻ സിനിമയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ പ്രതികരണം.
അസമിലെ നരേംഗിയിൽ സിനിമ പ്രദർശിപ്പിക്കാനിരിക്കുന്ന തിയേറ്ററിൽ കയറി പോസ്റ്ററുകൾ വലിച്ചുകീറുകയും കത്തിക്കുകയും ചെയ്ത ബജ്‌റംഗ്ദൾ പ്രവർത്തകരുടെ അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. “പഠാൻ പ്രശ്നവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാൻ എന്നെ വിളിച്ചിട്ടില്ല. അദ്ദേഹം അങ്ങനെ ചെയ്താൽ ഞാൻ കാര്യത്തിലിടപെടാം. ക്രമസമാധാന ലംഘനം നടന്നിട്ടുണ്ടെങ്കിൽ കേസെടുത്ത് നടപടിയെടുക്കും”. ഹിമന്ദ ബിശ്വ പറഞ്ഞു. ഷാരൂഖ് ഖാൻ ഒരു ബോളിവുഡ് സൂപ്പർസ്റ്റാറാണെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, സംസ്ഥാനത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടത് ആസാമീസിനെക്കുറിച്ചാണെന്നും ഹിന്ദി സിനിമകളെക്കുറിച്ചല്ലെന്നും ശർമ്മ പറഞ്ഞു.
‘ബേഷാരം രംഗ്’ എന്ന ഗാനത്തിൽ സിനിമയിലെ നായിക ദീപിക പദുക്കോൺ കാവി ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ടതിനാണ് ഷാരൂഖ് ഖാനും ‘പഠാനും’ തിരിച്ചടി നേരിട്ടത്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെ സംഘടനകൾ രംഗത്തെത്തി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ‘പഠാൻ’ ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ഷാരൂഖ് ഖാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്. സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായിക. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായികനായി എത്തുന്ന ചിത്രം എന്നതാണ് ‘പഠാൻ’ പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടാൻ കാരണമായത്. ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെ വിവാദങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും ഷാരൂഖ് ചിത്രത്തിനെതിരെ പൊട്ടിപ്പുറപ്പെടുകയായിരുന്നു