ആദ്യ ഗോള്‍ മെസിയുടേത്, അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് റൊണാള്‍ഡോ; റിയാദില്‍ ഗോള്‍ മഴ

0
418

സൗദി അറേബ്യയില്‍ പി.എസ്.ജിയും റിയാദ് ഓള്‍ സ്റ്റാര്‍ ഇലവനും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ വിജയം നേടി പി.എസ്.ജി.മത്സരത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജിയുടെ ജയം.

ലയണല്‍ മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ്, എകിറ്റിക്കെ തുടങ്ങിയ താരങ്ങള്‍ ഫ്രഞ്ച് ക്ലബ്ബിനായി ഗോള്‍ നേടിയപ്പോള്‍ സൗദിയിലെ അരങ്ങേറ്റ മത്സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. സൂ ജാങ്, ടലിസ്‌ക എന്നിവരാണ് പി.എസ.ജിക്കായി വല കുലുക്കിയ മറ്റുതാരങ്ങള്‍.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പി.എസ്.ജി ലീഡുയര്‍ത്തുകയായിരുന്നു. നെയ്മറുടെ പാസില്‍ നിന്നും മനോഹരമായ ഫിനിഷിങ്ങിലൂടെ മെസി ടീമിനെ മുന്നിലെത്തിച്ചു. തുടര്‍ന്നു പി.എസ്.ജി ആധിപത്യം പുലര്‍ത്തിയെങ്കിലും റിയാദ് ചില മുന്നേറ്റങ്ങള്‍ നടത്തി. 34ാം മിനിട്ടില്‍ റൊണാള്‍ഡോ റിയാദിനെ ഒപ്പമെത്തിച്ചു. നവാസ് റൊണാള്‍ഡൊക്കെതിരെ നടത്തിയ ഫൗളിന് റഫറി വിധിച്ച പെനാല്‍ട്ടിയില്‍ നിന്നാണ് ഗോള്‍ പിറന്നത്.

മത്സരത്തിന്റെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ മാര്‍ക്വിഞ്ഞോസ് നേടിയ ഗോളില്‍ പി.എസ.ജി 2-1ന് മുന്നിലായിരുന്നു. ഇതിനിടയില്‍ പി.എസ്.ജി.യുടെ പ്രതിരോധനിര താരം ഹുവാന്‍ ബെര്‍ണാട്ട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു. പത്ത് താരങ്ങളുമായാണ് ഫ്രഞ്ച് ചാമ്പ്യന്‍മാര്‍ രണ്ടാം പകുതിയില്‍ കളിച്ചത്.

ആദ്യപകുതി പിരിയും മുമ്പ് റിയാദ് ടീം വീണ്ടും ഒപ്പമെത്തി. റൊണാള്‍ഡോയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് തിരിച്ചു വന്നത് താരം തന്നെ വീണ്ടും വലയിലെത്തിച്ചു. രണ്ടാം പകുതിയില്‍ എംബാപ്പെയുടെ പാസില്‍ നിന്നും സെര്‍ജിയോ റാമോസ് വല കുലുക്കി പി.എസ്.ജി വീണ്ടും മുന്നിലെത്തിയെങ്കിലും കൊറിയന്‍ പ്രതിരോധതാരം സൂ ജാങ് മികച്ചൊരു ഹെഡറിലൂടെ റിയാദ് ടീമിനെ വീണ്ടും ഒപ്പമെത്തിച്ചു.

എന്നാല്‍ എംബാപ്പെയുടെ ഗോളില്‍ പി.എസ്.ജി 4-3ന് മുന്നിലെത്തി. ഹ്യൂഗോ എകിടികെ പി.എസ്.ജിയെ ഒരു ഗോള്‍ കൂടി അടിച്ച് വീണ്ടും മുന്നിലെത്തിച്ചു. മത്സരം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ആന്‍ഡേഴ്‌സണ ടാലിസ്‌ക നേടിയ ഗോളില്‍ ഫലം 5-4 എന്ന നിലയിലായി.

2020ല്‍ ചാമ്പ്യന്‍സ് ലീഗിലാണ് മെസിയും റൊണാള്‍ഡോയും അവസാനം നേര്‍ക്കുനേര്‍ കളിച്ചത്. അന്ന് മെസി ബാഴ്‌സലോണയിലും റൊണാള്‍ഡോ യുവന്റസിലും ആയിരുന്നു.

റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ മത്സരത്തിന് മുമ്പ് റൊണാള്‍ഡോയും മെസിയും പരസ്പരം ചേര്‍ത്ത് പിടിച്ചപ്പോള്‍ തന്നെ സ്റ്റേഡിയം ഇളകി മറിഞ്ഞിരുന്നു. റയല്‍ മാഡ്രിഡിലും ബാഴ്‌സലോണയിലും കളിച്ചിരുന്ന സമയത്ത് ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ അനൂഭൂതി വീണ്ടും സൃഷ്ടിക്കുകയാണ് ഇവിടെയുണ്ടായതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here