ഇന്ത്യയിൽ വരാനിരിക്കുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങളുടെ കാലമെന്ന് മുന്നറിയിപ്പ്

0
270

വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ്‌ വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ളീവ്ലാൻഡ്‌ ക്ലിനിക്കിന്റെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗം ചെയർമാൻ ഡോ.ജെയിം ഏബ്രഹാമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം ആരോഗ്യ ദുരന്തങ്ങൾ തടയാൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വൈദ്യശാസ്ത്രമാർഗങ്ങൾ രാജ്യം സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

1.93 കോടി പുതിയ കാൻസർബാധിതരും, ഒരു കോടി കാൻസർ മരണങ്ങളും 2020-ൽ ഉണ്ടായിട്ടുണ്ട്. സ്തനാർബുദമാണ് ഏറ്റവുമധികം ബാധിക്കപ്പെടുന്ന കാൻസർ. നേരത്തെ ശ്വാസകോശ അർബുദമായി കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നത്. മരണ സംഖ്യയിൽ ഇപ്പോഴും ശ്വാസകോശാർബുദമാണ് മുന്നിൽ. 18 ലക്ഷം മരണം ശ്വാസകോശ അർബുദം മൂലം ഉണ്ടാകുന്നു. ജനസംഖ്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാരണം ലോകമെമ്പാടുമുള്ള കാൻസർ ബാധിതരുടെ എണ്ണം 2040-ൽ 2.84 കോടിയായി ഉയരുമെന്നാണ് ഗ്ലോബോക്കൻ (ഗ്ലോബൽ കാൻസർ ഒബ്‌സർവേറ്ററി) വിലയിരുത്തുന്നത്. ആഗോളവത്കരണം, സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടങ്ങിയ കാരണങ്ങളാൽ ഇതിലെ അപകട സാധ്യത വർധിക്കുകയും ചെയ്തേക്കാം.

പ്രതിരോധത്തിനും ചികിത്സയ്ക്കുമുള്ള കാൻസർ വാക്സിനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ ഡിജിറ്റൽ ടെക്നോളജി എന്നിവയുടെ വിപുലീകരണം, ലിക്വിഡ് ബയോപ്സിയിൽ നിന്നുള്ള കാൻസർ രോഗനിർണയം തുടങ്ങിയവ ഇനി ഉപയോഗിക്കണമെന്ന് ഡോ.ജെയിം ഏബ്രഹാം പറഞ്ഞു. ജീനോമിക് പ്രൊഫൈലിങ്ങിന്റെ ഉപയോഗം, ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യകളുടെ പരിണാമം, വരും തലമുറയുടെ ഇമ്മ്യൂണോ തെറാപ്പികൾ, CAR T സെൽ തെറാപ്പികൾ എന്നിവയാണ് പ്രയോജനപ്പെടുത്തണം. ഡിജിറ്റൽ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ടെലിഹെൽത്ത് പോലെയുള്ള മാർഗങ്ങൾ രോഗികളും രോഗവിദഗ്‌ധരും തമ്മിലുള്ള ദൂരം കുറയ്ക്കാൻ സഹായിക്കും. ഇത്തരം ടെക്‌നോളജികളുടെ വരവ് ഗ്രാമീണ മേഖലയിൽ ഉൾപ്പെടെയുള്ള ആളുകൾക്ക് ഏറെ സഹായകമാകുകയും ചെയ്യും. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ആളുകൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ ഇതെങ്ങനെ ലഭ്യമാക്കുമന്നതാണ് ഇന്ത്യ ഇനിയുള്ള നാളുകളിൽ അഭിമുഖീകരിക്കാൻ പോകുന്ന മറ്റൊരു പ്രതിസന്ധി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ബയോപ്‌സിയിൽ ഉണ്ടാകുന്ന എത്ര ചെറിയ മാറ്റങ്ങളും പാറ്റേണുകളിലെ വ്യത്യാസങ്ങളും കൃത്യമായി വേർതിരിച്ചറിയാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനിതക പ്രൊഫൈലിങ് നടത്തിയാൽ സ്തന, വൻകുടൽ കാൻസറുകൾ ചെറുപ്രായത്തിൽ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്താനാകും. രക്തസമ്മർദ്ദവും, കൊളസ്ട്രോളും പരിശോധിക്കുന്നത് പോലെ അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും പ്രത്യേകമായി കാൻസർ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതിനായുള്ള ചികിത്സകൾക്കും ജനിതക പരിശോധന സഹായിക്കും. കാൻസർ രോഗനിർണയത്തിനായി സ്കാൻ, മാമോഗ്രാം, കൊളോനോസ്കോപ്പി അല്ലെങ്കിൽ പാപ്പ് സ്മിയർ എന്നിവയാണ് നിലവിൽ ഉപയോഗിക്കുന്നത്.

പക്ഷെ ഈ രീതിയിൽ അസുഖം കണ്ടെത്തുമ്പോഴേക്കും വളരെ വൈകിയിരിക്കും. കാൻസർ, സിസ്റ്റിക് ഫൈബ്രോസിസ്, ഹൃദ്രോഗം, പ്രമേഹം, ഹീമോഫീലിയ, സിക്കിൾ സെൽ അസുഖം, എയ്ഡ്സ് എന്നിവ ചികിത്സിക്കുന്നതിനുള്ള വാഗ്ദാനമാണ് ജീൻ തെറാപ്പി മേഖല. കാൻസർ ചികിത്സയിലെ മറ്റൊരു പ്രവണത ഇമ്മ്യൂണോതെറാപ്പി കീമോതെറാപ്പിയുമായി ബന്ധിപ്പിച്ച് പല കാൻസർ കേസുകളിലും മുഴകൾ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ഒരു സാധാരണ ചികിത്സയായി മാറിക്കഴിഞ്ഞു ഡോ.ജെയിം ഏബ്രഹാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here