യു.എ.ഇ രാജകുടുംബ ജീവനക്കാരനെന്ന പേരിൽ ഡൽഹിയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നാല് മാസം സുഖവാസം; 23 ലക്ഷം ബില്ലടയ്ക്കാതെ മുങ്ങി യുവാവ്

0
226

ന്യൂഡൽഹി: യു.എ.ഇ സ്വദേശിയും രാജകുടുംബത്തിലെ ജീവനക്കാരനും ആണന്ന വ്യാജേന ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തി മുറിയെടുത്തയാൾ നാലു മാസത്തിനു ശേഷം 23 ലക്ഷം രൂപ ബില്ലടയ്ക്കാതെ മുങ്ങി. ഡൽഹിയിലെ ലീലാ പാലസ് ​ഹോട്ടലിൽ എത്തിയ മുഹമ്മദ് ഷരീഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് മിറർ നൗ റിപ്പോർട്ട് ചെയ്യുന്നു.

താൻ യു.എ.ഇയിൽ നിന്നാണെത്തിയതെന്നും രാജകുടുംബാ​ഗമായ ഷെയ്ഖ് ഫലാഹ് ബിൻ സെയ്ദ് അൽ നഹ്‌യാന്റെ ഓഫിസിലാണ് ജോലി ചെയ്യുന്നതെന്നുമാണ് ഹോട്ടൽ ജീവനക്കാരോട് ഇയാൾ പറഞ്ഞത്. ആ​ഗസ്റ്റ് ഒന്നിന് ഹോട്ടലിൽ മുറിയെടുത്ത ഇയാൾ നവംബർ 20നാണ് ആരുമറിയാതെ മുങ്ങിയത്.

വ്യാജ രേഖകൾ കാണിച്ചാണ് ഇയാൾ ഇവിടെ മുറിയെടുത്തത്. താൻ ഷെയ്ഖിനൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും ചില ഔദ്യോഗിക ജോലികൾക്കായാണ് ഇന്ത്യയിലെത്തിയതെന്നും ഇയാൾ ജീവനക്കാരോട് പറഞ്ഞു.

ബിൽ അടയ്ക്കാതെ പോയി എന്ന് മാത്രമല്ല, താമസിച്ച മുറിയിലെ ചില വിലപിടിപ്പുള്ള സാധനങ്ങളും ഇയാൾ അടിച്ചുമാറ്റി. വിദേശിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി വ്യാജ ബിസിനസ് കാർഡും യു.എ.ഇ റെസിഡന്റ് കാർഡും മറ്റു ചില രേഖകളും ഇയാൾ ഹോട്ടൽ ജീവനക്കാരെ കാണിച്ചിരുന്നു.

നാല് മാസത്തെ താമസത്തിന് 35 ലക്ഷം രൂപയാണ് ഹോട്ടൽ അധികൃതർ ബിൽ നൽകിയത്. എന്നാൽ ഇതിൽ 11.5 ലക്ഷം മാത്രമാണ് ഇയാൾ അടച്ചത്. ബാക്കി 23.46 ലക്ഷം അടയ്ക്കാതെയാണ് സ്ഥലംവിട്ടതെന്ന് ജീവനക്കാരും പൊലീസും പറഞ്ഞു. നിലവിൽ ഇയാൾ മുങ്ങിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ലീല പാലസ് ഹോട്ടൽ മാനേജ്‌മെന്റിന്റെ പരാതിയിൽ പ്രതിക്കെതിരെ വഞ്ചന, മോഷണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി ലീലാ പാലസ് ഹോട്ടലിലേയും മറ്റ് ഹോട്ടലുകളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ ഡൽഹി പൊലീസ് പരിശോധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here