ദില്ലി: ആഭ്യന്തര ക്രിക്കറ്റില്‍ ടണ്‍ കണക്കിന് റണ്‍സടിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാര്‍ക്ക് വീണ്ടും ബാറ്റ് കൊണ്ട് മറുപടി നല്‍കി സര്‍ഫ്രാസ് ഖാന്‍. രഞ്ജി ട്രോപി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ മുംബൈക്കായി സെഞ്ചുറി നേടിയാണ് സര്‍ഫ്രാസ് വീണ്ടും തന്‍റെ ക്ലാസ് തെളിയിച്ചത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പൃഥ്വി ഷായും മുന്‍ ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെയും നിറം മങ്ങിയ മത്സരത്തിലായിരുന്നു മുംബൈയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ സര്‍ഫ്രാസിന്‍റെ ഇന്നിംഗ്സ്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് 66 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തുടക്കത്തില്‍ തകര്‍ത്തടിച്ച പൃഥ്വി ഷാ 35 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് ബൗണ്ടറി അടക്കമാണ് പൃഥ്വി 40 റണ്‍സടിച്ചത്. മു,ീര്‍ ഖാന്‍(14), അര്‍മാന്‍ ജാഫര്‍(2) ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(2) എന്നിവരെ കൂടി നഷ്ടമായപ്പോള്‍ മുംബൈ സ്കോര്‍ ബോര്‍ഡില്‍ 66 റണ്‍സെ ഉണ്ടായിരുന്നുള്ളു.
എന്നാല്‍ അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫ്രാസ് ഏകദിന ശൈലിയില്‍ ബാറ്റ് വീശി മുംബൈയെ കരകയറ്റി. ആദ്യം പ്രസാദ് പവാറിനൊപ്പം(25) അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ സര്‍ഫ്രാസ് പിന്നീട് ഷംസ് മുലാനിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ സര്‍ഫ്രാസ് 135 പന്തില്‍ 14 ബൗണ്ടറികളും രണ്ട് സിക്സും പറത്തിയാണ് സീസണിലെ ആദ്യ സെഞ്ചുറിയിലെത്തിയത്.
കഴിഞ്ഞ മൂന്ന് സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ സര്‍ഫ്രാസിനെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സര്‍ഫ്രാസിന് പകരം ടി20 ക്രിക്കറ്റില്‍ മികവ് കാട്ടിയ സൂര്യകുമാര്‍ യാദവിനെയായിരുന്നു സെലക്ടര്‍മാര്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലെടുത്തത്.
2020-21 രഞ്ജി സീസണിൽ 154.66 ശരാശരിയിൽ 938 റൺസ് അടിച്ച സര്‍ഫ്രാസ് 2021-22 സീസണിൽ 122.75 ശരാശരിയിൽ 982 റൺസ് നേടിയിരുന്നു. ഈ സീസണിൽ ഇന്നത്തെ മത്സരത്തിന് മുമ്പ് 107.75 ശരാശരിയില്‍ 431 റൺസായിരുന്നു സര്‍ഫ്രാസ് നേടിയത്.