ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. ടീമിന്റെ മധ്യനിരതാരം ശ്രേയസ് അയ്യര്‍ക്ക് പരിക്കിനെ തുടര്‍ന്ന് പരമ്പര നഷ്ടമാവും. പുറം വേദനയാണ് താരത്തിന് വിനയായത്. അടുത്തകാലത്ത് പലപ്പോഴായി മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നില്ല. താരത്തെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കും. ശ്രേയസിന്റെ പകരക്കാരനായി രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്തി.
ശ്രേയസിന് പരമ്പര നഷ്ടമാകുന്ന കാര്യം ബിസിസിഐ സ്ഥിരീകരിച്ചു. പ്രസ്താവനയില്‍ പറയുന്നതിങ്ങനെ… ”പുറംവേദനയെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ കളിക്കാനാവില്ല. കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുന്നു. ശ്രേയസിന് പകരം രജത് പടിദാറിനെ ടീമില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.” ബിസിസിഐ വ്യക്തമാക്കി.
രജതിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും നാളെ ഹൈദരാബാദില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കളിക്കാനിടയില്ല. പകരം സൂര്യകുമാര്‍ യാദവിന് അവസരം നല്‍കിയേക്കും. ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളില്‍ യഥാക്രമം 28, 28, 38 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍.
ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പുതുക്കിയ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എസ് ഭരത്, ഹാര്‍ദിക് പാ്ണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ്, അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.