രാജ്യത്തെ സമ്പത്തിന്റെ 40 ശതമാനവും അതിസമ്പന്നരുടെ കൈയ്യിൽ; ജിഎസ്ടിയുടെ പകുതിയും നൽകുന്നത് സാധാരണക്കാർ

0
216

ദില്ലി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾ രാജ്യത്തിൻറെ ആകെ സാമ്പത്തിന്റ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നതായി റിപ്പോർട്ട്. അതേസമയം, ജനസംഖ്യയുടെ പകുതിവരുന്ന താഴെത്തട്ടിലുള്ള ജനങ്ങളുടെ സമ്പത്ത് ഒന്നിച്ച് ചേർത്താൽപോലും വരുന്നത് മൂന്ന് ശതമാനം മാത്രമാണെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട്. സ്വയംഭരണാധികാരമുള്ള ഇന്ത്യൻ സംഘടനയാണ് ഓക്‌സ്‌ഫാം ഇന്ത്യ. കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ഇന്ത്യയിലെ അസമത്വം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന എൻ ജി ഒ ആണിത്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആളുകൾക്ക് താഴെത്തട്ടിലുള്ള 50 ശതമാനത്തേക്കാൾ 13 മടങ്ങ് കൂടുതൽ സ്വത്ത് ഉണ്ടെന്ന് ഓക്സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നു. മൊത്തം സമ്പത്തിന്റെ 61.7 ശതമാനവും സമ്പന്നരായ അഞ്ച് ശതമാനത്തിന് സ്വന്തമായുണ്ട്, ഇത് താഴെത്തട്ടിലുള്ള 50 ശതമാനം ജനങ്ങളുടെ ഉടമസ്ഥതയിലുള്ള 3 ശതമാനത്തേക്കാൾ 20 മടങ്ങ് കൂടുതലാണ്.

അതേസമയം ഏറ്റവും ശ്രദ്ധേയമായ കാര്യം, ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) ഏകദേശം 64 ശതമാനവും ജനസംഖ്യയുടെ താഴെ തട്ടിലുള്ള 50 ശതമാനം ജനങ്ങളാണ് നൽകുന്നത് എന്നുള്ളതാണ്. ജിഎസ്ടിയുടെ 3 ശതമാനം മാത്രമാണ് അതിസമ്പന്നർ നൽകുന്നത്.

ഇന്ത്യയിലെ പത്ത് സമ്പന്നരിൽ നിന്ന് അഞ്ചുശതമാനം നികുതി ഈടാക്കിയാൽ രാജ്യത്തെ മുഴുവൻ കുട്ടികളെയും സ്കൂളുകളിലേയ്ക്ക് തിരികെയെത്തിക്കാൻ സാധിക്കുമെന്ന് ഓക്‌സ്‌ഫാം റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഗൗതം അദാനി എന്ന ശതകോടീശ്വരനിൽ നിന്ന്  2017-2021 വരെയുള്ള നേട്ടങ്ങൾക്ക് ഒറ്റത്തവണ നികുതി ചുമത്തിയാൽ 1.79 ലക്ഷം കോടി രൂപ സമാഹരിക്കാനാകും എന്നും ഇത് ഒരു വർഷത്തേക്ക് അഞ്ച് ദശലക്ഷത്തിലധികം ഇന്ത്യൻ പ്രൈമറി സ്കൂൾ അധ്യാപകരെ നിയമിക്കാൻ സഹായകമാകും എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ശതകോടീശ്വരന്മാർക്ക് അവരുടെ മുഴുവൻ സ്വത്തിനും 2 ശതമാനം നികുതി ചുമത്തിയാൽ, അടുത്ത മൂന്ന് വർഷത്തേക്ക് രാജ്യത്തെ പോഷകാഹാരക്കുറവുള്ളവരുടെ ഭക്ഷണത്തിനായി വേണ്ട 40,423 കോടി രൂപ സമാഹരിക്കാൻ സാധിക്കുമെന്ന് സർവൈവൽ ഓഫ് ദ റിച്ചസ്റ്റ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു.

അതേസമയം രാജ്യത്ത് ലിഗസമത്വം തൊഴിലിന്റെ കാര്യത്തിൽ ഇല്ലായെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. ഒരു പുരുഷ തൊഴിലാളി സമ്പാദിക്കുന്ന ഓരോ രൂപയ്ക്കും തുല്യമായി ഒരു സ്ത്രീ തൊഴിലാളികൾക്ക് 63 പൈസ മാത്രമാണ് സമ്പാദിക്കുന്നത്.

പകർച്ചവ്യാധി ആരംഭിച്ച 2022 നവംബർ മുതൽ, ഇന്ത്യയിലെ ശതകോടീശ്വരന്മാർ അവരുടെ സ്വത്ത് 121 ശതമാനം അല്ലെങ്കിൽ യഥാർത്ഥത്തിൽ പ്രതിദിനം 3,608 കോടി രൂപ സമ്പാദിച്ചതായി ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ മൊത്തം ശതകോടീശ്വരന്മാരുടെ എണ്ണം 2020-ൽ 102 ആയിരുന്നത് 2022-ൽ 166 ആയി ഉയർന്നതായി ഓക്‌സ്ഫാം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here