സര്‍ഫറാസ് ഖാന്റെ വെളിപ്പെടുത്തല്‍ ,’ബംഗ്ലാദേശ് പര്യടനത്തിന് തയ്യാറാവാന്‍ മുഖ്യ സെലക്റ്റര്‍ പറഞ്ഞു, പക്ഷേ…

0
192

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സര്‍ഫറാസ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്താത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൂന്ന് സീസണുകളിലായി മികച്ച പ്രകടനം നടത്തുന്ന താരമാണ് സര്‍ഫറാസ്. ഈ സീസണില്‍ ഇതുവരെ 89 ശരാശരിയില്‍ 801 റണ്‍സാണ് സര്‍ഫറാസ് നേടിയത്. 2019-20 സീസണില്‍ 154.66 ശരാശരിയില്‍ 928 റണ്‍സാണ് സര്‍ഫറാസ് നേടിയത്. കഴിഞ്ഞ സീസണില്‍ 982 റണ്‍സും നേടി. ശരാശരി 122.75.

ഇത്രയൊക്കെ മികച്ച പ്രകടനം നടത്തിയിട്ടും താരത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയില്ല. ഏതൊരു താരവും പ്രതീക്ഷിക്കുകയും ചെയ്യും. സര്‍ഫറാസും പ്രതീക്ഷിച്ചു. ഇക്കാര്യം തുറന്നപറഞ്ഞിരിക്കുകയാണ് 25കാരന്‍. ടീമില്‍ ഉള്‍പ്പെടുത്താതിന് ശേഷം ആദ്യമായിട്ടാണ് സര്‍ഫറാസ് മനസ് തുറക്കുന്നത്. യുവതാരത്തിന്റെ വാക്കുകള്‍… ”ടീമില്‍ എന്റെ പേരില്ലാത്തത് വിഷമത്തിലാക്കിരുന്നു. എന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും വിഷമം വരും. കാരണം ഞാന്‍ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഞാന്‍ ദിവസം മുഴുവന്‍ വിഷമത്തിലായിരുന്നു. ഞാന്‍ ഗുവാഹത്തിയില്‍ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുമ്പോഴെല്ലാം അതിനെ കുറിച്ചാണ് ആലോചിച്ചിരുന്നത്. എന്തിനാണ് എന്നെ മാറ്റിനിര്‍ത്തുന്നതെന്നായിരുന്നു ചിന്ത. ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഞാന്‍ കരയുക പോലും ചെയ്തു.” സര്‍ഫറാസ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2021-22 രഞ്ജി ഫൈനലിനിടെ ബിസിസിഐ ചീഫ് സെലക്റ്റര്‍ ചേതന്‍ ശര്‍മയുമായി സംസാരിച്ചതും സര്‍ഫറാസ് വെളിപ്പെടുത്തി. അതിങ്ങനെയായിരുന്നു… ”ബംഗളൂരുവില്‍ നടന്ന ഫൈനലില്‍ ഞാന്‍ സെഞ്ചുറി നേടിയിരുന്നു. മത്സരത്തിനിടെ ചേതന്‍ ശര്‍മ എന്നോട് സംസാരിച്ചിരുന്നു. ബംഗ്ലാദേശ് പര്യടനത്തില്‍ അവസരം ലഭിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. തയ്യാറായിരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല. പിന്നീടൊരിക്കല്‍ മുംബൈയില്‍ വച്ചും ഞാന്‍ അദ്ദേഹത്തെ കണ്ടു. നിരാശപ്പെടരുതെന്നും നിന്റെ സമയം വരുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.” സര്‍ഫറാസ് വ്യക്തമാക്കി.

ഓസ്‌ട്രേിലയക്കെതിരെ ശേഷിക്കുന്ന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലെങ്കിലും സര്‍ഫറാസ് ഉള്‍പ്പെടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫെബ്രുവരി ഒമ്പതിന് നാഗ്പൂരിലാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 17ന് ഡല്‍ഹിയില്‍ തുടങ്ങും. മാര്‍ച്ച് ഒന്നിന് മൂന്നാം ടെസ്റ്റിന് ധര്‍മശാല വേദിയാകും. നാലിന് അഹമ്മദാബാദില്‍ അവസാന ടെസ്റ്റും നടക്കും. ശേഷം മൂന്ന് ഏകദിനങ്ങളിലും ഇരു ടീമുകളും കളിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here