യുഎഇയിലെ റോഡുകള്‍ വളരെ മികച്ചതാണ്. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിനും യുഎഇ മുന്‍ഗണനാപട്ടികയിലുണ്ട്. പക്ഷേ യുഎഇയില്‍ ഒരാളുടെ വാഹനം അയാള്‍ അറിയാതെ ഓടിക്കുന്നത് കുറ്റകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു വര്‍ഷം തടവും 10000 ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ രണ്ടിലൊന്ന് പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് യുഎഇയില്‍ ഇത്.
വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയോ അല്ലെങ്കില്‍ അതോടിക്കാനുള്ള അവകാശമുള്ളയാളോ അറിയാതെ, അനുമതിയോ സമ്മതമോ ഇല്ലാതെ വാഹനമെടുത്ത് ഉപയോഗിച്ചാല്‍ ശിക്ഷ അനുഭവിക്കുകയോ പിഴ അടയ്ക്കുകയോ വേണം. 2021ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ 31ലെ ആര്‍ട്ടിക്കിള്‍ 447 പ്രകാരമാണിത്. കാര്‍, മോട്ടോര്‍ സൈക്കിള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്.
യുഎഇയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ കടുത്ത ശിക്ഷാ നടപടികളാണ് വാഹനമോടിക്കുന്നവരെ കാത്തിരിക്കുന്നത്. മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചാല്‍ കോടതി നിശ്ചയിക്കുന്ന പിഴയും ജയില്‍ ശിക്ഷയും അനുഭവിക്കണം. ഒപ്പം ലൈസന്‍സും റദ്ദ് ചെയ്‌തേക്കാം. ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ക്ക് 3000 ദിര്‍ഹം വരെ പിഴ ചുമത്താം. ലൈസന്‍സ് കൈവശം വച്ചില്ലെങ്കില്‍ യുഎഇയില്‍ 400 ദിര്‍ഹമാണ് പിഴ.
അനുവദനീയമായ ലൈസന്‍സ് കൂടാതെ മറ്റൊരു വാഹനം ഓടിക്കുന്നതിന് 400 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും. കാലാവധി കഴിഞ്ഞ ലൈസന്‍സാണെങ്കില്‍ 500 ദിര്‍ഹമാണ് പിഴ. 7 ദിവസത്തേക്ക് വാഹനം കസ്റ്റഡിയിലെടുക്കും. കൂടാതെ നാല് ബ്ലാക് പോയിന്റുകളും.