കാര്‍ ഓടിക്കുന്നതിനിടയില്‍ ഫോണ്‍ കോള്‍; വാഹനത്തില്‍ നിന്നിറങ്ങി ഫോണെടുത്ത യുവാവ് കണ്ടത്…

0
343

കാലിഫോര്‍ണിയ: അക്ഷരാര്‍ത്ഥത്തില്‍ മരണത്തെ പറ്റിച്ചതിന്‍റെ ഞെട്ടലില്‍ നിന്ന് മാറിയിട്ടില്ല കാലിഫോര്‍ണിയ സ്വദേശിയായ മൌറിഷിയോ ഹെനാവോ. കാര്‍ ഓടിക്കുന്നതിനിടയില്‍ വന്ന ഫോണ്‍ കോളാണ് യുവാവിന് രക്ഷയായത്. കാര്‍ റോഡ് സൈഡിലൊതുക്കിയ ശേഷം ഫോണുമെടുത്ത് പുറത്തേക്ക് യുവാവ് ഇറങ്ങിയതിന് തൊട്ട് പിന്നാലെയാണ് വലിയൊരു പാറക്കഷ്ണം കാറിന്‍റെ മുകളിലേക്ക് വീണത്. ആഡംബര കാറിന്‍റെ വലിയൊരു ഭാഗവും പാറ വീണ് തകര്‍ന്നു.

ഡ്രൈവര്‍ സീറ്റിന് മുകളിലേക്കാണ് പാറ വീണത്. മാലിബുവിലെ പസഫിക് കോസ്റ്റ് ഹൈവേയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കാര്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത രീതിയില്‍ തകര്‍ന്നതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫോണില്‍ സംസാരിക്കുമ്പോള്‍ വലിയ ശബ്ദം കേട്ട് ഇയാള്‍ ഓടി മാറുകയായിരുന്നു. തിരിഞ്ഞ് നോക്കിയപ്പോഴാണ് തകര്‍ന്ന് തരിപ്പണമായ കാര്‍ പിന്നില്‍ കാണുന്നത്. നാലടിയില്‍ അധികം ഉയരമുള്ള പാറക്കഷ്ണമാണ് കാറിനെ തകര്‍ത്തത്. ഏറെ സമയത്തേക്ക് ഈ മേഖലയില്‍ വലിയ ഗതാഗതക്കുരുക്കാണ് ഇതിനെ തുടര്‍ന്നുണ്ടായത്. ജീവന്‍ രക്ഷിച്ചതിന് കൃത്യ സമയത്ത് വന്ന ഫോണ്‍ കോളിന് നന്ദി പറയുകയാണ് മൌറിഷിയോ ഹെനാവോ. കൃത്യമായി കേള്‍ക്കാതെ വന്നതാണ് കാര്‍ ഒതുക്കിയ ശേഷം ഫോണില്‍ സംസാരിക്കുന്നത് തുടരാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് ഇയാള്‍ പറയുന്നത്.

അവശ്യ സേവന സര്‍വ്വീസുകാരെത്തി റോഡില്‍ നിന്ന് പാറക്കല്ലുകള്‍ മാറ്റിയ ശേഷമാണ് ഗതാഗതം ഈ മേഖലയില്‍ പുനസ്ഥാപിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഈ മേഖലയിലുണ്ടായ കനത്ത മഴ വെള്ളപ്പൊക്കത്തിനും മലയിടിച്ചിലിനും കാരണമായിരുന്നു. നിലവിലെ മലയിടിച്ചിലും ഇതിന്റെ തുടര്‍ച്ചയാണെന്നാണ് വിലയിരുത്തല്‍. വേറെയും ചില വാഹനങ്ങളില്‍ പാറ കഷ്ണങ്ങള്‍ വീണെങ്കിലും അപകടത്തില്‍ ആര്‍ക്കും തന്നെ പരിക്കില്ലെന്നാണ് വിവരം. എങ്കിലും നിരവധി കാറുകളാണ് മലയിടിച്ചിലില്‍ തകര്‍ന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here