നാഗര്‍കോവില്‍ എക്‌സ്പ്രസ് ട്രെയിനില്‍ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിഅര്‍ജുന്‍ ആയങ്കിക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാംനാഗര്‍കോവില്‍ എക്‌സ്പ്രസിലാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ ക്ലാസില്‍ അര്‍ജുന്‍ ആയങ്കി യാത്ര ചെയ്തതു ടിടിഇ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു പരാതി. ടിടിഇ കോട്ടയം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി എസ്എച്ച്ഒ റെജി പി.ജോസഫ് വ്യക്തമാക്കി. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അര്‍ജുന്‍ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലും ഇയാള്‍ പ്രതിയാണ്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു.
പിന്നീട് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ അര്‍ജുന്‍ ആയങ്കിക്ക് വലിയ പിന്തുണയുണ്ട്. എന്നാല്‍ ഈയടുത്തായി സോഷ്യല്‍ മീഡിയയിലൂടെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ അര്‍ജുന്‍ ആയങ്കി രംഗത്ത് വന്നതോടെ പാര്‍ട്ടിക്ക് അനഭിമതനാവുകയായിരുന്നു. തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ സ്ഥിരം കുറ്റവാളിയായി കണക്കാക്കി കാപ്പ ചുമത്താന്‍ വരെ ശുപര്‍ശ ചെയ്തിരുന്നു.