തിരുവനന്തപുരം: തിരുവനന്തപുരത്തെ ചില പൊലീസുകാർക്ക് ഗുണ്ടാസംഘങ്ങളുമായി വഴിവിട്ട ബന്ധമെന്ന് റിപ്പോർട്ട്. ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവരുടെ പേരെടുത്താണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയത്. ഓം പ്രകാശ് ഉൾപ്പെടെയുള്ള ഗുണ്ടാ സംഘങ്ങൾ വീണ്ടും സജീവമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
തിരുവനന്തപുരം പാറ്റൂരിൽ കഴിഞ്ഞ ഞായറാഴ്ച ഓം പ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിഥിനെയും സംഘത്തെയും വെട്ടിയിരുന്നു. രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പിന്നാമ്പുറം അന്വേഷിച്ചപ്പോളാണ് ഗുണ്ടാസംഘങ്ങളും പൊലീസും തമ്മിലുള്ള കൂട്ടുകെട്ടിന്റെ പുതിയ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. വെട്ടേറ്റ നിഥിന്റെ സംഘവുമായി തിരുവനന്തപുരത്തെ മൂന്ന് പൊലീസുകാർക്ക് അടുപ്പമെന്നാണ് റിപ്പോർട്ട്.
രണ്ട് ഡി.വൈ.എസ്.പിയും ഒരു സി.ഐയും അടങ്ങിയ സംഘം നിഥിന്റെ ക്വട്ടേഷൻ ടീമിനെ പല കാര്യങ്ങളിലും സഹായിക്കാറുണ്ട്. മദ്യപാനത്തിനകം ഇവർ പലയിടത്തും ഒത്തുകൂടിയതായും വിവരം ലഭിച്ചു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യാഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചേക്കും. അതിനിടെ പാറ്റൂരിലെ അക്രമണത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും നിർദേശം നൽകിയത് ഓംപ്രകാശാണെന്ന് ഉറപ്പിച്ചു. സാമ്പത്തിക തർക്കവും ബിനാമി ഇടപാടുകളുമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പേട്ട പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി