വീണ്ടും ജീവന്‍ രക്ഷിച്ച് ആപ്പിള്‍ സ്മാര്‍ട്ട് വാച്ചിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം. ഐഫോണ്‍ 14 ലെയും വാച്ച് 8 സീരിസിലേയും ശ്രദ്ധേയമായ ഫീച്ചറുകളിലൊന്നാണ് ക്രാഷ് ഡിറ്റക്ഷന്‍. ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിലായാല്‍ അടിയന്തിര സേവന നമ്പറിലേയ്ക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണിത്.
യു.എസ് സ്വദേശിയായ നോളന്‍ ആബേലിനാണ് ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ തുണയായത്. ആബേല്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. അദ്ദേഹത്തിന് ഗുരുതരമായ പരിക്കുകളേറ്റു.
ആ സമയം വാച്ചിലെ ‘ക്രാഷ് ഡിറ്റക്ഷന്‍’ പ്രവര്‍ത്തിച്ചുതുടങ്ങി. വാച്ചില്‍ നിന്നും ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെട്ടു. കാറിനുള്ളില്‍ അനങ്ങാനാകാത്ത നിലയിലായിരുന്ന ആബേല്‍ പ്രതികരിക്കാത്തതിനാല്‍ 20 സെക്കന്റിന് ശേഷം അടിയന്തിര സേവന നമ്പറിലേക്ക് വാച്ചില്‍ നിന്നും സ്വമേധയാ സന്ദേശം പോയി. ലൊക്കേഷന്‍ സഹിതമായിരുന്നു ഇത്. വൈകാതെ തന്നെ രക്ഷാപ്രവര്‍ത്തകരെത്തി ആബേലിന്റെ ജീവന്‍ രക്ഷിച്ചു.
പെട്ടെന്നുള്ള തോന്നലിന് പിന്നാലെയാണ് താന്‍ ആപ്പിള്‍ വാച്ച് 8 സീരിസ് എടുത്തതെന്ന് പിന്നീട് ആബേല്‍ പ്രതികരിച്ചു. തന്റെ തീരുമാനം ജീവന്‍ രക്ഷിക്കാന്‍ കാരണമായതിന്റെ സന്തോഷത്തിലാണ് നോളന്‍ ആബേല്‍.
ആപ്പിളിലെ ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനം
നിങ്ങള്‍ സഞ്ചരിക്കുന്ന വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഉപകരിക്കുന്ന ഒരു സംവിധാനമാണ് ‘ക്രാഷ് ഡിറ്റക്ഷന്‍’. അപകടം സംഭവിക്കുമ്പോള്‍ ഐഫോണ്‍ 14 കയ്യിലുണ്ടെങ്കില്‍ അതില്‍ ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെടും. ഈ അലേര്‍ട്ട് നിങ്ങള്‍ പിന്‍വലിക്കാത്തപക്ഷം ഫോണില്‍ നിന്നും അടിയന്തിര സേവന നമ്പറിലേക്ക് ഫോണ്‍കോള്‍ ചെയ്യപ്പെടും.
ഈ കോളില്‍ നിങ്ങള്‍ അപകടത്തിലാണ് എന്നറിയിച്ചുകൊണ്ടുള്ള ഒരു ശബ്ദ സന്ദേശമാണ് ഉണ്ടാവുക. നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാവും.
അതേസമയം, ഈ സംവിധാനത്തിന് ചില പ്രശ്‌നങ്ങളുമുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിക്കുമ്പോള്‍ തെറ്റായ അലേര്‍ട്ട് പുറപ്പെടുന്നതായി നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്.
മുന്‍പ് സിന്‍സിനാറ്റിസ് കിങ്‌സ് ഐലന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിച്ച ഒരു ഐഫോണ്‍ 14 ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് 911 ലേക്ക് കോളുകള്‍ പോയിരുന്നു. റോളര്‍ കോസ്റ്റളില്‍ ആളുകള്‍ അലറിവിളിക്കുന്നതിന്റെയും മറ്റും ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഐഫോണ്‍ 14 ല്‍ നിന്നും അടിയന്തര സേവനങ്ങളിലേയ്ക്ക തെറ്റായി കോളുകള്‍ പോവാന്‍ സാധ്യതയുണ്ടെന്നത് ഓര്‍മ വേണം.