സൗദിയില്‍ മെസി-റൊണാള്‍ഡോ പോരാട്ടം കാണാന്‍ ഉന്തും തള്ളും; ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്

0
170

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയതിന് ശേഷം ഇതുവരെ മത്സരത്തിനിറങ്ങിയിരുന്നില്ല. ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം.

അല്‍ നസറിലെത്തിയെങ്കിലും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിപ്പിച്ചത്.

സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്‌സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചത്.

ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് ആരാധകര്‍. മത്സരം നടക്കുന്ന റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തില്‍ 68000 ആളുകളെയാണ് ഉള്‍ക്കൊള്ളാനാവുക.

എന്നാല്‍ ഇതിനകം രണ്ട് മില്യണ്‍ ആളുകള്‍ ടിക്കറ്റിന് വേണ്ടി അപേക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ വാര്‍ത്താ മാധ്യമമായ ഇ.എസ്.പി.എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2020 ഡിസംബറിലാണ് മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വന്നത്. അന്ന് ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത് മൂന്ന് ഗോളുകള്‍ക്കാണ് റോണോയുടെ യുവന്റസ് ബാഴ്‌സയെ കീഴ്‌പ്പെടുത്തിയത്.

അതേസമയം, സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അല്‍-നസറിന്റെയും അല്‍-ഹിലാലിന്റെയും ഏറ്റവും മുന്‍നിര താരങ്ങള്‍ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നില്‍ അണിനിരക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here