ഷാർജയിലും പൂർണ വിജയം നേടി ഗോതമ്പ് കൃഷി. ഗോതമ്പ് 2 മാസത്തിനകം വിളവെടുക്കും. 400 ഹെക്ടറിൽ പച്ചപ്പണിഞ്ഞ് നിൽക്കുന്നതാണ് നിലവിലെ ഗോതമ്പ് കൃഷി. ഷാർജ- സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച ഗോതമ്പ് ഫാം സന്ദർശിച്ചു.
നേരത്തെ ദക്ഷിണ കൊറിയയുടെ സഹകരണത്തോടെ അരി, കിനോവ ധാന്യം എന്നിവയുടെ ഉത്പാദനത്തിൽ നേടിയ വിജയക്കുതിപ്പാണ് ഗോതമ്പ് വിത്ത് പാകിയത്. ലോകത്തിലെ ഏതു ഭക്ഷ്യധാന്യങ്ങളും യുഎഇയിൽ കൃഷി ചെയ്യാൻ സാധിക്കുംവിധം സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പരീക്ഷണങ്ങൾ. ഒട്ടുമിക്ക പച്ചക്കറിയും പഴ വർഗങ്ങളും ഇപ്പോൾ തന്നെ കൃഷി ചെയ്തുവരുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ ലോകോത്തര നിലവാരത്തിൽ പാടമൊരുക്കി കൃഷിയിറക്കിയതിനു പിന്നിൽ പ്രവർത്തിച്ചവരെ ഷെയ്ഖ് സുൽത്താൻ അഭിനന്ദിച്ചു. പദ്ധതി രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൃഷിയിലേക്കു തിരിയാൻ മേഖലയ്ക്കു പ്രചോദനമാകുമെന്നും പറഞ്ഞു. 3 ഘട്ടമായുള്ള പദ്ധതിയിൽ 2024ൽ 880 ഹെക്ടർ സ്ഥലത്തേക്കും 2025ൽ 1400 ഹെക്ടർ സ്ഥലത്തേക്കും ഗോതമ്പു കൃഷി വ്യാപിപ്പിക്കും.
ഷാർജ മലീഹയിൽ സജ്ജമാക്കിയ പാടത്ത് നവംബർ അവസാനത്തോടെ വിതച്ച ഗോതമ്പ് മാർച്ചിൽ വിളവെടുക്കാം. വിളവെടുപ്പ് മേഖലയുടെ ഭക്ഷ്യസുരക്ഷയ്ക്ക് മുതൽകൂട്ടാകുമെന്നും ഷെയ്ഖ് സുൽത്താൻ സൂചിപ്പിച്ചു. 500 ഫുട്ബോൾ ഗ്രൗണ്ടിനു സമാനമായ രീതിയിൽ സ്ഥലമൊരുക്കിയാണ് നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യുന്നത്.