അല്‍ഫാമിനും മന്തിക്കുമൊപ്പം ഇനി വെജിറ്റബിള്‍ മയോണൈസ്; നോണ്‍ വെജ് നിര്‍ത്തും

0
141

കൊച്ചി: സംസ്ഥാനത്തെ ബേക്കറികളിലും റെസ്റ്റോറന്‍റുകളിലും പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ഇനി വിളമ്പില്ല. പകരം വെജിറ്റബിള്‍ മയോണൈസ് ആയിരിക്കും നല്‍കുകയെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്‍(ബേക്ക്) അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന ബേക്ക് സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് തീരുമാനം.

വേവിക്കാതെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന്‍റെ കീഴില്‍ വരുന്ന ബേക്കറികളിലും അനുബന്ധ റസ്റ്റോറന്‍റുകളിലും നോണ്‍ വെജ് മയോണൈസുകള്‍ വിളമ്പില്ലെന്നും സര്‍ക്കാരിന്‍റെ ഭക്ഷ്യ പരിശോധനകളെ സ്വാഗതം ചെയ്യുന്നുവെന്നും ബേക്കേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. വിഷരഹിത ഭക്ഷണം ഉറപ്പാന്‍ അനിവാര്യമായ പരിശോധനകള്‍ക്ക് ബേക്കിന്റെ പിന്തുണയുണ്ട്. സര്‍ക്കാരിന്റെ നല്ല ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കി ബേക്കറികളില്‍ പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചതായും അസോസിയേഷന്‍ പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ പറഞ്ഞു.

അല്‍ഫാം, മന്തി, ഷവര്‍മ്മ പോലുള്ള ഭക്ഷണത്തോടൊപ്പം നല്‍കുന്ന സൈഡ് ഡിഷാണ് മയോണൈസ്. ഇതില്‍ ഉപയോഗിക്കുന്ന മുട്ടയുടെ ഗുണനിലവാരവും കാലപ്പഴക്കവും കണ്ടെത്തുന്നതിന് നിലവില്‍ മാനദണ്ഡങ്ങളില്ല. മതിയായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ എത്തുന്ന മുട്ടകളില്‍ സൂക്ഷ്മ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടായേക്കാം. അവ ഉള്ളില്‍ ചെന്ന് ഭക്ഷ്യ വിഷബാധയ്ക്ക് ഇടയാക്കിയേക്കാമെന്നും ബേക്ക് ആശങ്ക പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here