റോഡ് ഇടിഞ്ഞുവീണ് ഗര്‍ത്തമായി, ഇതിലേക്ക് വാഹനങ്ങളും വീണു; വീഡിയോ

0
288

പ്രകൃതിദുരന്തങ്ങള്‍ പലപ്പോഴും പ്രവചനാതീതമാണ്. എന്തുകൊണ്ട് സംഭവിക്കുന്നു, എങ്ങനെ സംഭവിക്കുന്നു എന്നെല്ലാമുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് ഉത്തരം ലഭിക്കാമെങ്കിലും സംഭവിക്കുന്ന സമയത്ത് അത് ദുരന്തം തന്നെയാണ് സൃഷ്ടിക്കുക.

മനുഷ്യജീവൻ, മറ്റ് ജീവജാലങ്ങളുടെ തകര്‍ച്ച, വീടുകളോ കെട്ടിടങ്ങളോ അടക്കമുള്ള നിര്‍മ്മിതികളുടെ നാശം – എന്നിങ്ങനെ വിവിധ രീതികളിലാണ് പ്രകൃതിദുരന്തങ്ങള്‍ ലോകത്തെ ബാധിക്കുക. 

ചില സന്ദര്‍ഭങ്ങളില്‍ പ്രകൃതിയില്‍ മനുഷ്യര് നടത്തുന്ന അപക്വമായ ഇടപെടലോ, അതുപോലെ അശാസ്ത്രീയമായ നിര്‍മ്മാണങ്ങളോ എല്ലാം പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാവുകയോ, അതിന്‍റെ ആക്കം കൂട്ടുകയോ ചെയ്യാറുണ്ട്.

ഇപ്പോഴിതാ യുഎസില്‍ നിന്ന് പുറത്തുവരുന്നൊരു വീഡിയോ നോക്കൂ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ കനത്ത മഴയ്ക്കും കാറ്റിനും ശേഷം ലോസ് ഏഞ്ചല്‍സില്‍ ഒരു റോഡ് തകര്‍ന്ന് വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്. 

പെടുന്നനെയുണ്ടായ അപകടത്തില്‍ രണ്ട് വാഹനങ്ങളും അതിലുണ്ടായിരുന്ന യാത്രക്കാരും പെട്ടു. റോഡ് ഇടിഞ്ഞ് വലിയ അളവിലാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് സംഭവം നടന്നിരിക്കുന്നത്. അപകടം നടന്നയിടത്ത് നിന്നുള്ള വീഡിയോ ആണിപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. 

ഒരു കാറും ഒരു ട്രക്കുമാണ് അപകടത്തില്‍ പെട്ടത്. ഇതില്‍ ട്രക്ക് പതിനഞ്ച് അടിയോളം താഴ്ചയിലേക്കാണ് വീണത്. ഇതിന് മുകളിലേക്കാണ് കാര്‍ വീണത്.  രണ്ട് വാഹനങ്ങളിലും രണ്ട് പേര്‍ വീതമുണ്ടായിരുന്നു. ഇതില്‍ ഒരു വാഹനത്തിലുള്ളവര്‍ തനിയെ തന്നെ രക്ഷപ്പെട്ട് പുറത്തുവന്നെങ്കിലും അടുത്ത വാഹനത്തിലുള്ളവരെ രക്ഷപ്പെടുത്താൻ ഫയര്‍ഫോഴ്സ് എത്തേണ്ടിവന്നു. ഏറെ ശ്രമകരമായാണ് ഇവരെ രക്ഷപ്പെടുത്തിയത്. ചെറിയ പരുക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്രകൃതിദുരന്തങ്ങളുടെ തുടര്‍ച്ചയായാണ് അപകടമെന്നാണ് നിലവിലെ വിലയിരുത്തല്‍. പലയിടത്തും മഴയ്ക്ക് ശേഷം മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. എന്തായാലും കൂടുതല്‍ വാഹനങ്ങള്‍ വീണിരുന്നുവെങ്കില്‍ വമ്പൻ ദുരന്തമാകുമായിരുന്നു ഇത്. അത്രയും വലിയ പ്രശ്നം ഒഴിവായത് ഏറെ ആശ്വാസമാവുകയാണ്. 

വീഡിയോ…

LEAVE A REPLY

Please enter your comment!
Please enter your name here