എല്ലാ മേഖലകളിലും സ്ത്രീ-പുരുഷ സമത്വം വേണമെന്ന ആശയം വളരെ ശക്തമായി ഉയര്‍ന്നുവന്നിട്ടുള്ളൊരു കാലമാണിത്. വിവിധ തൊഴില്‍ മേഖലകളിലും വീട്ടിലും സേവനമേഖലകളിലും പൊതുവിടങ്ങളിലുമെല്ലാം സ്ത്രീക്കും പുരുഷനെപ്പോലെ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യമാണ് പുരോഗമന മനസ്ഥിതിയുള്ളവര്‍ ഉന്നയിക്കുന്നത്.
എന്നാല്‍ പലപ്പോഴും പ്രായോഗികമായി ഇതിന് സാധ്യമല്ലാത്ത സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. സ്ത്രീയും പുരുഷനും ഒരേ ജോലി ചെയ്താല്‍ പോലും ഇവര്‍ക്കുള്ള വേതനത്തില്‍ വരെ വ്യത്യാസം കാണാൻ സാധിക്കും. കുറഞ്ഞ കൂലിക്ക് കൂടുതല്‍ ജോലി ചെയ്യുന്നതിന് വേണ്ടി കായികാധ്വാനമുള്ള മേഖലകളില്‍ സ്ത്രീകള്‍ തൊഴില്‍പരമായി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യങ്ങളും വലിയ രീതിയില്‍ ചര്‍ച്ചകളില്‍ വന്നിട്ടുള്ളതാണ്.
സ്ത്രീക്ക് പുരുഷനോളം കായികമായി ഉയരാൻ ഒരിക്കലും സാധിക്കില്ലെന്ന കാഴ്ചപ്പാടില്‍ നിന്നാണ് പ്രധാനമായും ഈ വേര്‍തിരിവ് വരുന്നത് തന്നെ. എന്നാല്‍ പുതിയൊരു പഠനം പറയുന്നത് പ്രകാരം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണത്രേ ഏറ്റവുമധികം അധ്വാനിക്കുന്നത്.
‘കറണ്ട് ബയോളജി’ എന്ന മാഗസിനിലാണ് പഠനത്തിന്‍റെ വിശദാംശങ്ങള‍്‍ വന്നിട്ടുള്ളത്. പല തൊഴില്‍ മേഖലകളിലെയും അവസ്ഥകള്‍ വിലയിരുത്തിയ ശേഷമാണത്രേ പഠനം ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഒരു ദിവസത്തില്‍ പുരുഷന്മാര്‍ ശരാശരി 9,000 ചുവട് നീങ്ങുന്നുണ്ടെന്നും ഇത് സ്ത്രീകളിലേക്ക് വരുമ്പോള്‍ അവര്‍ ശരാശരി 12,000 ചുവടെങ്കിലും വയ്ക്കുന്നുണ്ടെന്നും ഇതില്‍ തന്നെ അധ്വാനത്തിന്‍റെ വ്യതിയാനം കാണാൻ സാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
അതുപോലെ വീട്ടുകാര്‍ക്കൊപ്പമോ, വിവാഹശേഷവും പങ്കാളിക്കും വീട്ടുകാര്‍ക്കുമൊപ്പമോ ജീവിച്ച് ജോലി ചെയ്യുന്ന പുരുഷന്മാരുടെ കായികാധ്വാനത്തിന്‍റെ കണക്കെടുക്കുമ്പോള്‍ ഇതില്‍ വീണ്ടും കുറവ് കാണുന്നതായും പഠനം വ്യക്തമാക്കുന്നു. ഇക്കാര്യത്തിലും സ്ത്രീകളാണത്രേ മുൻപന്തിയില്‍. ഇന്ത്യ- ചൈന അതിര്‍ത്തിയിലുള്ള ചില പ്രദേശങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ഈ പഠനം നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഭൂമിശാസ്ത്രപരമായ സ്വാധീനം ഇതില്‍ വന്നിരിക്കുമെന്നും എങ്കില്‍പോലും വിശാലമായി എടുക്കുമ്പോഴും ഈ നിരീക്ഷണം നിസാരമാക്കി കളയാൻ സാധിക്കില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.