കാസർഗോഡ് : കാസർഗോഡ് പെൺകുട്ടിയുടെ മരണത്തിനിടയാക്കിയ ആഹാരം നൽകിയ അൽ റോമൻസിയ ഹോട്ടലിലേക്ക് ബിജെപിയുടെ പ്രതിഷേധം. സ്ത്രീകളടക്കമുള്ള പ്രവത്തകർ മുദ്രാവാക്യമുയർത്തി ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ചു. ഇവരെ പൊലീസ് എത്തി നീക്കി. കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് മേൽപറമ്പ് ഇൻസ്പെക്ടർ ഉത്തംദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം മരണം ഭക്ഷ്യവിഷബാധമൂലമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിഎംഒ ഡോ രാംദാസ് പറഞ്ഞു. മംഗലാപുരത്തെ ആശുപത്രിയുടെ റിപ്പോർട്ടിൽ നിന്ന് അതാണ് മനസിലാകുന്നത്. പരിയാരത്തെ പരിശോധനയ്ക്ക് ശേഷം അന്തിമ സ്ഥിരീകരണമെന്നും ഡിഎംഒ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്തുവെന്ന് എസ് പി വൈഭവ് സക്സേന അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുകയാണ്. ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ട് റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി.
അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.