മുംബൈ: 47 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും കൊക്കെയ്നുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുംബൈ എയർപോർട്ട് കസ്റ്റംസ് സോണൽ യൂണിറ്റ് III നടത്തിയ ഓപ്പറേഷനിൽ 31.29 കോടി രൂപ വിലമതിക്കുന്ന 4.47 കിലോഗ്രാം ഹെറോയിനും 15.96 കോടി രൂപ വിലമതിക്കുന്ന 1.596 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.
രണ്ടു കേസുകളിലായിട്ടാണ് മയക്കുമരുന്ന് പിടികൂടിയത്. കെനിയ എയർവേയ്‌സിന്‍റെ കെ.ക്യു. 210 വിമാനത്തിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് കെനിയയിലെ നെയ്‌റോബി വഴി എത്തിയ ആളില്‍ നിന്നുമാണ് 4.47 കിലോഗ്രാം ഹെറോയിനുമായി ഒരാളെ പിടികൂടിയത്. 12 ഡോക്യുമെന്‍റ് ഫോൾഡറുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. രണ്ടാമത്തെ കേസിൽ, എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റായ ET-460 ൽ എത്തിയ ഒരാളുടെ ബാഗേജ് സ്കാൻ ചെയ്തതിനെത്തുടർന്ന് സംശയാസ്പദമായ രീതിയില്‍ ബട്ടണുകൾ കണ്ടെത്തുകയായിരുന്നു. ഈ ബട്ടണുകൾ എണ്ണത്തിൽ അധികമായിരുന്നുവെന്നും വസ്ത്രങ്ങളിൽ അസാധാരണമാംവിധം അടുത്ത് സ്ഥാപിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബാഗിൽ നടത്തിയ വിശദമായ പരിശോധനയിൽ കുർത്തകളുടെ ബട്ടണുകളിലും ഹാൻഡ്‌ബാഗിനുള്ളിലെ അറകളിലും ഒളിപ്പിച്ച നിലയിൽ 1.596 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയതെന്നും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.