കാസർകോടിനെ മാലിന്യം വലിച്ചെറിയൽ മുക്ത ജില്ലയാക്കും

0
229

കാസർകോട്: മാലിന്യം വലിച്ചെറിയുന്നത് തടഞ്ഞ് കാസർകോടിനെ വലിച്ചെറിയൽമുക്ത ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് 26-ന് തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ജില്ലാതല മാലിന്യപരിപാലന ഏകോപനസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. നാല് ഘട്ടങ്ങൾ ആയിട്ടാണ് പ്രവർത്തനങ്ങൾ നടത്തുക. മാലിന്യസംസ്കരണ സംവിധാനങ്ങൾ പ്രവർത്തനക്ഷമവും കുറ്റമറ്റതുമാക്കുന്നതിനുള്ള പ്രത്യേക ഇടപെടൽ ജനുവരി 26-ന്‌ മുൻപായി നടത്തും. ജനുവരി 26 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പ്രീ മൺസൂൺ കാമ്പയിൻ നടത്തും. ഒപ്പം പൊതുവിട ശുചീകരണം ഉറപ്പുവരുത്തും.

മേയ്, ജൂൺ മാസങ്ങളിൽ കാമ്പയിനുകൾ, ബദൽ ഉത്പന്നങ്ങളുടെ പ്രചാരണം, മേളകൾ, നിയമനടപടികൾ തുടങ്ങിയവ ശക്തിപ്പെടുത്തും. ജൂലായ്‌-ഒക്ടോബർ മാസങ്ങളിൽ സമ്പൂർണ അജൈവ മാലിന്യശേഖരണ സംവിധാനം കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. പ്രവർത്തനങ്ങൾക്കായി ജില്ലാതലത്തിലും പ്രാദേശികതലത്തിലും കാമ്പയിൻ കമ്മിറ്റികൾ വിളിച്ചുചേർക്കും.

യോഗത്തിൽ നവകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ. ലക്ഷ്മി, എൽ.എസ്.ജി.ഡി. ജോയിന്റ് ഡയരക്ടർ ജെയ്സൺ മാത്യു, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ. നിധിഷ, കെ. ഷീജ, പി. കുഞ്ഞി കൃഷ്ണൻ, ബി. മിഥുൻ, സി. നാരായണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here