പൊന്നിനെക്കാള്‍ വിലയുള്ള നായ; 20 കോടിക്ക് നായയെ വാങ്ങി യുവാവ്

0
472

ബെംഗളൂരു: വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്കു വേണ്ടി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ മടിയില്ലാത്തവരാണ്. പ്രത്യേകിച്ചും നായപ്രേമികള്‍. 20 കോടി രൂപ മുടക്കി ഒരു നായയെ സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവിലെ കെന്നല്‍ ക്ലബ് ഉടമയായ സതീഷ്. ഒന്നര വയസുള്ള കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായ്ക്കുട്ടിയെയാണ് സതീഷ് ആറു മാസം മുന്‍പ് ഹൈദരാബാദില്‍ നിന്നും കൊണ്ടുവന്നത്.

കാവല്‍ നായയായി അറിയപ്പെടുന്ന കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് റഷ്യ,തുര്‍ക്കി,അര്‍മേനിയ, സർക്കാസിയ, ജോർജിയ എന്നിവിടങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന നായയാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപൂര്‍വ ഇനമാണ്. വളരെ ശക്തരും ബുദ്ധിശക്തിയുള്ളവരുമാണ് ഈ നായകള്‍. 10-12 വര്‍ഷമാണ് ഇവയുടെ ആയുസ്. അമേരിക്കൻ കെന്നൽ ക്ലബിന്‍റെ അഭിപ്രായത്തിൽ, അതിക്രമിച്ചു കടക്കുന്നവരിൽ നിന്ന് സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും ചെന്നായ്ക്കൾ, കൊയോട്ടുകൾ തുടങ്ങിയ വലുതും ചെറുതുമായ വേട്ടക്കാരിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനും മറ്റ് പല ചുമതലകൾക്കും കൊക്കേഷ്യൻ ഇടയന്മാർ നൂറ്റാണ്ടുകളായി ഈ നായകളെ ഉപയോഗിച്ചിരുന്നു.

കാഡബോംസ് കെന്നൽസിന്‍റെ ഉടമയും ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ സതീഷ്, വിലകൂടിയതും അപൂർവവുമായ നായ ഇനങ്ങളെ വാങ്ങുന്നയാളാണ്. കൊറിയൻ ദോസ മാസ്റ്റിഫുകൾ എന്ന ഇനത്തില്‍ പെട്ട നായയെ 1 കോടി കൊടുത്താണ് നേരത്തെ സതീഷ് വാങ്ങിയത്. അലാസ്കൻ മലമുട്ട്- 8 കോടി, ടിബറ്റൻ മാസ്റ്റിഫ് 10 കോടി..സതീഷ് നായകളെ വാങ്ങിയതിന്‍റെ കണക്കാണിത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു ബ്രീഡറിൽ നിന്ന് വാങ്ങിയ 20 കോടി രൂപ വിലയുള്ള നായയ്ക്ക് “കാഡബോം ഹെയ്ഡർ” എന്നാണ് സതീഷ് പേരിട്ടത്. അടുത്തിടെ ട്രിവാൻഡ്രം കെന്നൽ ക്ലബ്ബ് ഇവന്റിലും ക്രൗൺ ക്ലാസിക് ഡോഗ് ഷോയിലും പങ്കെടുത്ത കാഡബോം ഹെയ്‌ഡർ 32 മെഡലുകൾ നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here